ഇന്റർവ്യൂ എങ്ങനെ നേരിടാം?

ഇന്റർവ്യൂന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നമ്മുടെ അറിവ് അളക്കുന്നതിനുമുപരിയായി ഇന്റർവ്യൂ ചെയ്യുന്നവർ കൂടുതലായി മുൻതൂക്കം കൊടുക്കുന്നത് നമ്മുടെ വ്യക്തിത്വം (personality), നമ്മുടെ മനോഭാവം (attitude) ലോകത്തോടുള്ള നമ്മുടെ കാഴ്ച്ചപ്പാട് എന്നിവയ്ക്കെല്ലാമായിരിക്കും. കാരണം, നിങ്ങൾ ബിരുദധാരിയാണെങ്കിൽ, സ്വഭാവികമായും ഒരു ബിരുദധാരിയ്ക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അറിവ് നിങ്ങൾക്കുണ്ടായിരിക്കും എന്ന ബോധ്യം അവർക്ക് നന്നായി ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ അറിവല്ല അവിടെ അളക്കപ്പെടുന്നത്. പകരം, ആ ജോലിയിൽ നിങ്ങൾ അനുയോജ്യരാണോ? നിങ്ങളുടെ വ്യക്തിത്വം അതിന് യോജിച്ചതാണോ? ആ കമ്പനിയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിവുള്ളവരാണോ നിങ്ങൾ? എന്നിവയെല്ലാം കണ്ടെത്തുന്നതിലായിരിക്കും അവർക്ക് കൂടുതൽ താല്പ്പര്യം. നമ്മൾ പരമാവധി അത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് അതിനനുസരിച്ച് നമ്മളെ പാകപ്പെടുത്തിയെടുത്തതിനു ശേഷമായിരിക്കണം ഇന്റർവ്യൂന് പങ്കെടുക്കേണ്ടത്. ഇന്റർവ്യൂ വിജയകരമായിത്തീരുവാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

1. Preparation
ഏതൊരു ഇന്റർവ്യൂന് പോകുമ്പോഴും അത്യാവശ്യം നന്നായിതന്നെ അതിനുവേണ്ടി ഒരുങ്ങുക. അങ്ങനെ ഒരുങ്ങാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പ്രധാനമായും 3 കാര്യങ്ങളെക്കുറിച്ച് നന്നായി പഠിച്ചിട്ടുവേണം ഇന്റർവ്യൂന് പങ്കെടുക്കാൻ. ഒന്നാമതായി, ഏതു ജോലിക്ക് വേണ്ടിയാണോ നിങ്ങൾ അപേക്ഷിച്ചിരിക്കുന്നത്, ആ ജോലിയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? അതിന്റെ ഉദ്ദേശം എന്തൊക്കെയാണ് എന്നിവയെക്കുറിച്ചെല്ലാം അറിവുള്ളവരായിരിക്കണം. രണ്ട്, ഏതു കമ്പനിയിലാണോ ഇന്റർവ്യൂന് പോകുന്നത്, ആ കമ്പനിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിരിക്കണം. അതായത്, കമ്പനിയുടെ ചരിത്രം എന്താണ്, എങ്ങനെയാണ് അത് മുന്നോട്ട്പോകുന്നത്, അവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കിയിരിക്കണം. മൂന്നാമതായി, വ്യവസായ മേഖലയെക്കുറിച്ച് (Industry) അറിഞ്ഞിരിക്കണം. അതായത്, ഏതൊരു കമ്പനിയും ഒരു വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവയായിരിക്കും. ഉദാ.. ഇൻഫോസിസ് അതൊരു I.T മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ I.T മേഖലയുടെ പ്രത്യേകതകളെന്തൊക്കെയാണ്? പ്രാധാന്യം എത്രമാത്രമാണ്? അതിന്റെ വളർച്ചയെങ്ങനെയാണ്? എന്നതിനെക്കുറിച്ചെല്ലാം പഠനം നടത്തേണ്ടിയിരിക്കുന്നു. ഇൗ മൂന്നു കാര്യങ്ങളിൽ അറിവ് സമ്പാധിക്കുന്നതിനോടൊപ്പം തന്നെ എല്ലാ ഇന്റർവ്യൂലും പൊതുവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങളെ നേരിടാൻ നേരത്തെ തന്നെ തയ്യാറെടുക്കണം. ഉദാ.
1. നിങ്ങളെക്കുറിച്ച് എന്തെങ്കിലും ഒരു വിവരണം നൽകുക? (Tell about yourself). (വളരെ ചുരുങ്ങിയ വാക്കുകൾകൊണ്ട് നിങ്ങളെക്കുറിച്ച്  വിശദമായി പറയുക.)
2. നിലവിലുള്ള ജോലി എന്തിനാണ് ഉപേക്ഷിക്കുന്നത്? ( ഇതിനുള്ള മറുപടി ഒരിക്കലും നിലവിലുള്ള കമ്പനിയെക്കുറിച്ചോ, ജോലിയെക്കുറിച്ചോ കുറ്റം പറഞ്ഞുകൊണ്ടാകരുത്. കാരണം, നാളെ അവരെയും ഇങ്ങനെ പറയാൻ സാധ്യതയുണ്ടെന്ന് അവർ വിചാരിക്കും)
3. എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്പനി തിരഞ്ഞെടുക്കുവാൻ കാരണം? ( അതിന് ഉത്തരം നൽകുമ്പോൾ ആ കമ്പനിയെക്കുറിച്ച് അത്യാവശ്യം അറിവുള്ളവരായിരിക്കണം നിങ്ങൾ)
4. നിങ്ങളുടെ ശക്തി (strength), ദൗർബല്യം (weakness) എന്നിവ എന്തൊക്കെയാണ്?
5. ഇൗ ജോലി നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ നിങ്ങളെങ്ങനെ ഇതിനെ നോക്കിക്കാണും ?
ഇവയെല്ലാം പൊതുവെ ചോദിക്കുന്ന 5 ചോദ്യങ്ങൾക്ക് ഉദാഹരണമാണ്. ഇത്തരം ചോദ്യങ്ങൾ മാത്രമല്ല ഉണ്ടാകുക എന്നിരുന്നാലും ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നേരത്തെ തന്നെ തയ്യാറെടുക്കണം.

2. Punctuality
കൃത്യനിഷ്ഠ വളരെ പ്രധാനപ്പെട്ടതാണ്. ഇന്റർവ്യൂ പറഞ്ഞിരിക്കുന്ന സമയത്തിനു മുൻപുതന്നെ നിങ്ങൾ അവിടെ എത്തിയിരിക്കണം. കാരണം, കൃത്യനിഷ്ഠയിൽ നിങ്ങൾക്ക് അപാകതയുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾ ചെയ്യുന്ന ജോലിയിലും ആ അപാകതയുണ്ടെന്ന് തന്നെയാണ് അർത്ഥം. അതുകൊണ്ട് സമയനിഷ്ഠ പാലിക്കുക.

3. First Impression
നിങ്ങളെ കാണുമ്പോൾ തന്നെ അവർക്ക് മതിപ്പുളവാകുന്ന രീതിയിൽ നല്ല ആത്മവിശ്വാസത്തോടെയും ചിരിച്ച മുഖത്തോടെയും അവരെ അഭിമുഖീകരിക്കുക. ഒരാളുടെ വസ്ത്രധാരണ രീതി അയാളുടെ വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ അനുയോജ്യമായ വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം നിങ്ങൾ ഇന്റർവ്യൂന് പങ്കെടുക്കേണ്ടത്. അതുമാത്രമല്ല, അകത്തേയ്ക്ക് കയറുമ്പോൾ തന്നെ “May I come in?” എന്ന് വളരെ ആത്മവിശ്വസത്തോടുകൂടി ചോദിക്കുന്നതും അവരിൽ നിങ്ങളെക്കുറിച്ച് മതിപ്പുളവാക്കുവാൻ സഹായകരമാണ്. രാവിലെയാണെങ്കിൽ “Good Morning” എന്നും വൈകുന്നേരമാണെങ്കിൽ “Good Evening” എന്നും വിഷ്ചെയ്തതിനു ശേഷമായിരിക്കണം അവരുമായുള്ള സംഭാഷണം തുടങ്ങേണ്ടത്. ഇന്റർവ്യൂ പൂർണ്ണമായി കഴിയുമ്പോൾ അവർക്ക് നിങ്ങൾ കൊടുക്കുന്ന ഷേക്ക്ഹാൻഡ് പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ വിലയിരുത്താൻ അവരെ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വസത്തോടുകൂടിയായിരിക്കണം ഷേക്ക്ഹാൻഡ് കൊടുക്കേണ്ടത്.

4. Answer Sincerely
അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ സത്യസന്ധമായി ആത്മാർത്ഥമായി ഉത്തരം നൽകുക. കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നു കരുതുന്നത് മണ്ടത്തരമാണ്. കാരണം, ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്നവർ അത്രയും സമർത്ഥന്മാരായിരിക്കും. അറിവില്ലാത്ത കാര്യങ്ങളാണെങ്കിൽ അറിയില്ല എന്നുതന്നെ പറയുക. ഇൗ ഇന്റർവ്യൂ നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ അവസാനിച്ചു എന്ന ചിന്തയുടെ ആവശ്യമൊന്നുമില്ലാതെ, പറയുന്നത് എന്ത് തന്നെയായാലും വളരെ ആത്മവിശ്വത്തോടുകൂടി ഭയപ്പെടാതെ അവതരിപ്പിക്കുക. ആത്മാർത്ഥതയും ആത്മവിശ്വസവും നിറഞ്ഞതാണ് നിങ്ങളുടെ ഉത്തരങ്ങളെങ്കിൽ അത് എപ്പോഴും ആകർഷകമായവയായിരിക്കും.

VIEW VIDEO

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

2 comments

Your Header Sidebar area is currently empty. Hurry up and add some widgets.