എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്‌….

കാലിഫോർണിയയിൽ ജനിച്ചു വളർന്ന ബോണി ആരോൻസിന്‌ ചെറുപ്പം തൊട്ടേ ഒരു സിനിമാ നടി ആകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ അവളുടെ അസാധാരണമാം വിധം നീണ്ട മുഖവും നീണ്ടു വളഞ്ഞ മൂക്കും അവളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിന്നു. കാണുന്നവരെല്ലാം എന്തോ വിചിത്രജീവിയെ നോക്കുന്ന പോലെയാണ്‌ അവളെ നോക്കിക്കണ്ടത്‌.

“ഈ ഭംഗിയില്ലാത്ത മുഖവും വെച്ചുകൊണ്ടാണോ നീ സിനിമയിൽ അഭിനയിക്കാൻ പോകുന്നത്‌? നടന്നത്‌ തന്നെ..” വീട്ടുകാരും അയൽക്കാരും സഹപാഠികളും അധ്യാപകരുമടക്കം അവളുടെ ആഗ്രഹം കേട്ട സകലരും അവളെ കളിയാക്കിച്ചിരിച്ചു.

എന്നാൽ ഇതുകൊണ്ടൊന്നും മനസ്സു തളരാതെ തന്റെ ജീവിതലക്ഷ്യം സിനിമ തന്നെ എന്നുറപ്പിച്ച ബോണി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സിനിമാഭിനയം പഠിക്കുന്നതിനായി ഒരു ഫിലിം സ്കൂളിൽ ചേർന്നു. പക്ഷെ അവിടെയും പലരും അവളെ നിരാശപ്പെടുത്തി.

“നിന്റെ മുഖം ഒരിക്കലും സിനിമക്ക്‌ ചേർന്നതല്ല. അതുകൊണ്ട്‌ മറ്റെന്തിനെങ്കിലും ശ്രമിക്കുന്നതല്ലേ ബുദ്ധി..?”

പക്ഷെ ഈ വാക്കുകൾക്കൊന്നും ബോണിയെ അവളുടെ ലക്ഷ്യത്തിൽ നിന്ന് വഴിതിരിച്ചു നടത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. എല്ലാ അവഗണനകളെയും പരിഹാസവാക്കുകളെയും അതിജീവിച്ചു കൊണ്ട്‌ അവൾ ഫിലിം സ്കൂളിലെ പഠനം പൂർത്തിയാക്കി. പിന്നെ ഒരു ചാൻസ്‌ ചോദിച്ച്‌ ഹോളീവുഡ്ഡിലെ മിക്ക സ്റ്റുഡിയോകളുടെയും വാതിലുകൾ ചെന്ന് മുട്ടി. ആരും അവളെ പരിഗണിച്ചില്ല. ചെല്ലുന്നിടത്തെല്ലാം അവളുടെ മൂക്കിന്റെയും മുഖത്തിന്റെയും ഷേപ്പ്‌ തന്നെ അവൾക്കെതിരായി. കുറേ കഴിഞ്ഞപ്പോൾ പാതവക്കിലെ വേശ്യയായും, മോർച്ചറിയിലെ ശവമായും, ജയിൽ പുള്ളികളിൽ ഒരാളായുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിൽ അവളുടെ മുഖം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെറും ഒരു ജൂനിയർ ആർട്ടിസ്റ്റായി മിന്നിപ്പൊലിയാനാണ്‌ തന്റെ വിധി എന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ അവളുടെ ജീവിതത്തിലും ശുക്രൻ തെളിഞ്ഞത്‌.

Conjuring എന്ന തന്റെ ആദ്യ സിനിമയുടെ വൻ വിജയത്തിന്‌ ശേഷം അതിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കി വെച്ച്‌, നടീനടന്മാരെയും നിശ്ചയിച്ച ശേഷം ഒരേ ഒരു കഥാപാത്രത്തിന്‌ മാത്രം യോജിച്ച ഒരാളെ കിട്ടാതെ ഫോട്ടോ ഷൂട്ടുകളും സ്ക്രീൻ ടെസ്റ്റുകളുമായി നാടെങ്ങും ചുറ്റിക്കറങ്ങുകയായിരുന്ന ജെയിംസ്‌ വാൻ എന്ന സംവിധായകന്റെ ശ്രദ്ധയിൽ ഏതോ ഒരു സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അരികുപറ്റി നിന്ന ബോണിയുടെ മുഖം ഒരു നിമിത്തം പോലെ വന്നു പതിഞ്ഞു. താൻ മനസ്സിൽ കണ്ട അതേ മുഖം….

പിന്നീടുണ്ടായത്‌ സിനിമയെ വെല്ലുന്ന സിനിമാക്കഥയാണ്‌. ബോണി ആരോൺസ്‌ ജെയിംസ്‌ വാനിന്റെ Conjuring 2ൽ അഭിനയിച്ചു എന്ന് മാത്രമല്ല, ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയുടെ ക്ലൈമാക്സിൽ പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയ, കന്യാസ്ത്രീ വേഷം ധരിച്ച, നീണ്ട മുഖവും നീണ്ടു വളഞ്ഞ മുഖവുമുള്ള ‘വലാക്ക്‌ ‘ എന്ന പ്രേതത്തെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ പ്രേതത്തിന്‌ ലഭിച്ച വൻ ജനപ്രീതി മൂലം വലാക്ക്‌ പ്രധാനകഥാപാത്രമായിക്കൊണ്ട്‌ The Nun എന്ന ഒരു സിനിമ കൂടി ജെയിംസ്‌ വാനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി.

ഇന്ന് ബോണി ലോകമെമ്പാടും ആരാധകരുള്ള, ഹോളിവുഡ്ഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണെന്നതിനപ്പുറം, സിനിമക്ക്‌ പറ്റിയതല്ല എന്ന് പലരും പറഞ്ഞു പരിഹസിച്ച അവളുടെ മുഖം ഇന്ന് ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ മൊബൈൽ ഫോണിലെ വാൾപേപ്പറാണ്‌ എന്നിടത്താണ്‌ ഈ കുറിപ്പിന്റെ പ്രസക്തി.

എല്ലാവർക്കും ഒരു സമയമുണ്ട്‌. ആ സമയമെത്തുന്നത്‌ വരെ പൊരുതി നിൽക്കാനുള്ള ക്ഷമയും സഹനശക്തിമുണ്ടായാൽ മാത്രം മതി. വിജയം ആർക്കും കൈപ്പിടിയിലൊതുക്കാം.

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

1 comment

Your Header Sidebar area is currently empty. Hurry up and add some widgets.