ഏറെ പ്രചോദനാത്മകമായ ഒരു ജീവിതകഥയാണ് പ്രശസ്ത അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഡേവിഡ് ബൽഡാക്കി (David Baldacci)യുടേത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ വേ (American Way) എന്ന മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഡേവിഡ് ബൽഡാക്കി തന്റെ യാതനാ നിർഭരമായ ഭൂതകാലം വെളിപ്പെടുത്തിയത്.
വെഴ്ജീനിയയിൽ ജനിച്ചു വളർന്ന ഡേവിഡിന് കുട്ടിക്കാലം തൊട്ടേ കഥയെഴുതുന്ന ശീലമുണ്ടായിരുന്നു. ആദ്യമൊക്കെ ചെറുകഥകളോടായിരുന്നു താൽപര്യം.1983ൽ യൂണിവേഴ്സിറ്റി ഓഫ് വെഴ്ജീനിയയിലെ സ്കൂൾ ഒഫ് ലാ (School of Law)യിൽ നിയമ പഠനത്തിന് ചേർന്നതൊടെ താൽപര്യം കുറ്റാന്വേഷണകഥകളിലായി. പഠനശേഷം സ്വന്തമായി പ്രാക്ടീസ് തുടങ്ങിയ ഡേവിഡ് പഠനത്തിന്റെ ഭാഗമായി താൻ കേട്ടറിഞ്ഞ പല പ്രമാദമായ കൊലപാതക കേസുകളും കൂട്ടിച്ചേർത്ത് ഒരു കുറ്റാന്വേഷണ നോവൽ എഴുതാൻ തീരുമാനിച്ചു. ആദ്യത്തെ അഞ്ച് വർഷം അദ്ദേഹം ചെലവിട്ടത് തന്റെ നോവലിന് കുറ്റമറ്റ ഒരു പ്ലോട്ട് കണ്ടുപിടിക്കാനും കഥപാത്രങ്ങളെ രൂപപ്പെടുത്തുന്നതിനുമായിരുന്നു. അതോടൊപ്പം തന്നെ നോവലെഴുത്തിന്റെ ടെക്നിക്കുകളും ക്രാഫ്റ്റുകളും പഠിച്ചെടിക്കുകയും ചെയ്തു. അപ്പോഴെക്കും ഒരു കുടുംബസ്ഥനും രണ്ട് കുട്ടികളുടെ പിതാവുമായിക്കഴിഞ്ഞിരുന്ന ഡേവിഡ് ഭാര്യയും കുട്ടികളും ഉറങ്ങിക്കഴിഞ്ഞ ശേഷം രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നായിരുന്നു രചന നിർവ്വഹിച്ചിരുന്നത്. അങ്ങനെ അടുത്ത മൂന്ന് വർഷത്തെ കഠിനപ്രയത്നത്തിന് ശേഷം അദ്ദേഹം ‘Absolute Power’ എന്ന തന്റെ ആദ്യ നോവൽ എഴുതി പൂർത്തിയാക്കി.
പിന്നീട് ആ നോവലുമായി പല പ്രസാധകരുടെയും വാതിലിൽ മുട്ടി വിളിച്ചെങ്കിലും ശുഭപ്രതീക്ഷയുടെ ഒരു കിളിവാതിൽ പോലും അദ്ദേഹത്തിന് മുന്നിൽ തുറക്കപ്പെട്ടില്ല. മൂന്ന് വർഷത്തിനിടെ 16 പ്രസാധകരാണ് അദ്ദേഹത്തിന്റെ നോവൽ നിരസിച്ചത്. തുടർച്ചയായ നിരാകരണങ്ങൾക്കൊടുവിൽ ഒരു പ്രസാധകൻ പരീക്ഷണാടിസ്ഥാനത്തിൽ ആ നോവൽ പ്രസിദ്ധീകരിക്കാൻ തയ്യാറായി. അതോടെ ഡേവിഡ് ബൽഡാക്കിയുടെ ഭാഗ്യരേഖ തെളിഞ്ഞു. 1996ൽ പുറത്തിറങ്ങിയ ‘Absolute Power’ എന്ന ആദ്യ നോവൽ ലോക ക്രൈം ത്രില്ലർ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലറുകളിലൊന്നായിത്തീർന്നു. തൊട്ടടുത്ത വർഷം കോടികൾക്കാണ് അതിന്റെ സിനിമാ പകർപ്പവകാശം വിറ്റു പോയത്. 1997ൽ പുറത്തിറങ്ങി ലോകമെങ്ങും വമ്പൻ ഹിറ്റായിത്തീർന്ന ആ സിനിമയിൽ അഭിനയിച്ചത് ഹോളിവുഡിലെ എക്കാലത്തെയും കിടയറ്റ സൂപ്പർ താരങ്ങളായ ക്ലിന്റ് ഈസ്റ്റ്വൂഡും ജീൻ ഹാക്ക്മാനുമായിരുന്നു.
അങ്ങനെ വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്കൊടുവിൽ 1996ൽ തന്റെ ജൈത്രയാത്രയാരംഭിച്ച ഡേവിഡ് ബൽഡാക്കിക്ക് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ ആദ്യ നോവലിലൂടെ തന്നെ ലോകം കണ്ട ഏറ്റവും മികച്ച അപസർപ്പക നോവലിസ്റ്റുകളുടെ നിരയിലേക്ക് കസേര വലിച്ചിട്ടിരുന്ന ഡേവിഡ് 37 ക്രൈം നോവലുകളും കുട്ടികൾക്കായുള്ള 7 നോവലുകളും രചിച്ചു കൊണ്ട് ഇന്നും അജയ്യനായി തുടരുന്നു. അദ്ദേഹത്തിന്റെ നോവലുകൾ ലോകമെങ്ങും നാൽപത്തഞ്ചിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും 13 കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കഷ്ടപ്പെടാൻ തയ്യാറുള്ളവരെ അൽപം വൈകിയാണെങ്കിലും വലിയ വിജയങ്ങൾ തേടിയെത്തുക തന്നെ ചെയ്യും. അത് വരെ തളരാതെ പൊരുതി നിൽക്കാനുള്ള നെഞ്ചുറപ്പുണ്ടായാൽ മാത്രം മതി. ഇന്നു വരെ ഈ ലോകത്ത് കഠിനാദ്ധ്വാനികളാരും തന്നെ വിജയിക്കാതിരുന്നിട്ടില്ല. ക്ലേശകരമായ ഏത് ഭൂതകാലവും ചെന്നവസാനിക്കുന്നത് ശോഭനമായ ഒരു ഭാവിയിലായിരിക്കും….
Add comment