ഓരോ മഴക്കാറിന് പിന്നിലും ഒരു പ്രകാശ രേഖയുണ്ട്

ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിതത്തിലെ എല്ലാ കാലഘട്ടവും ഒരിക്കലും ഒരേ പോലെ ആകണമെന്നില്ല. സന്തോഷകരമായ സാഹചര്യങ്ങൾ  ഉണ്ടാകുന്നത് പോലെ തന്നെ ദുഃഖകരവും പ്രശ്നകലുഷിതമായ സാഹചര്യങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാ പ്രതിസന്ധികൾക്ക് പുറകിലും അസുലഭമായ പല നല്ല അവസരങ്ങളും ഒളിഞ്ഞിരിപ്പുണ്ടാകും. പക്ഷെ അത് അധികമാരും കാണാറില്ല. പ്രതിസന്ധികൾക്കും അപ്പുറത്തേക്ക് നോട്ടം പായിച്ച് അതിന്റെ പിന്നിലെ നല്ല വശങ്ങളെ തിരിച്ചറിഞ്ഞു അതിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ ഭാഗ്യവാന്മാർ.

വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്ക് ടൈംസ് പത്രത്തിൽ വന്ന ഒരു ലേഖനം വിരൽ ചൂണ്ടുന്നത് ഓരോ പ്രതിസന്ധിക്കും അപ്പുറത്തുള്ള വലിയ സൗഭാഗ്യങ്ങളിലേക്കാണ്. ഷാരോൺ എന്ന വനിതയെക്കുറിച്ചുള്ളതായിരുന്നു ആ ലേഖനം.

നാല്പതുകാരിയായ ഷാരോണിന് ഒരിക്കൽ ഒരു ട്യൂമർ പിടിപെട്ടു. ഇടം കണ്ണിന് താഴെ സാധാരണയിലും കവിഞ്ഞ വലുപ്പമുള്ള ആ ട്യൂമർ ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് നീക്കം ചെയ്തത്. ട്യൂമർ സ്ഥിരീകരിച്ച സമയം മുതൽ ഓപ്പറേഷനെ തുടർന്നുള്ള  ഏതാനും ദിവസങ്ങൾ വരെ അവർ കടുത്ത വേദനയിലൂടെയായിരുന്നു കടന്നു പോയത്. പക്ഷെ അതിനെക്കുറിച്ച് അവർ പറഞ്ഞ ഒരു വാക്കാണ് ആ ലേഖനത്തെ കൂടുതൽ ആകർഷകമാക്കുന്നത്.

തനിക്ക് ആ ട്യൂമർ ഉണ്ടായത് എന്തുകൊണ്ടും നന്നായി എന്നാണവർ പറഞ്ഞത്. അതിന്റെ കാരണവും അവർ തന്നെ വിശദീകരിക്കുന്നുണ്ട്.

“ട്യൂമർ മൂലം കഷ്ടപ്പെടുന്ന എനിക്കും കുട്ടികൾക്കും സഹായഹസ്തങ്ങൾ നീട്ടിക്കൊണ്ട് ധാരാളം ആളുകൾ മുമ്പോട്ട് വന്നു. എന്റെ സുഹൃത്തുക്കളും അയൽക്കാരും നാട്ടുകാരുമായ ആളുകൾ സ്നേഹപൂർവ്വം വെച്ച് നീട്ടിയ ഭക്ഷണം കഴിച്ചാണ് ഞാനും എന്റെ കുഞ്ഞുങ്ങളും വിശപ്പടക്കിയിരുന്നത്.  എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാവരും ചേർന്നാണ് എന്റെ വീട് വൃത്തിയാക്കിത്തന്നത്. മനുഷ്യരുടെ ഉള്ളിലെ നന്മയും സഹജീവികളോടുള്ള സ്നേഹവും കരുതലുമെല്ലാം  ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞത് ആ ദിവസങ്ങളിലാണ്. അതിനേക്കാളുപരി, വളരെ കാലമായി എന്നിൽ നിന്ന് അകന്നു ജീവിക്കുകയായിരുന്ന എന്റെ സഹോദരനെ എനിക്ക് തിരിച്ചു തന്നതും ആ ട്യൂമറാണ്. എനിക്ക് സുഖമില്ല എന്ന് കേട്ടപ്പോൾ എല്ലാ പിണക്കവും മറന്ന് അവനും ഭാര്യയും എന്റെ അടുക്കലേക്ക് ഓടിയെത്തി. എന്നെ കൂടെ നിന്ന് ശുശ്രൂഷിച്ചു. ഞങ്ങളുടെ കുടുംബങ്ങൾ വീണ്ടും ഒന്നായി.

ആ അനുഭവങ്ങൾ ജീവിതത്തോടുള്ള എന്റെ കാഴ്ച്ചപ്പാട് തന്നെ മാറ്റിമറിച്ചു. ആ ആശുപത്രിക്കിടക്കയിൽ വെച്ച് ഞാൻ ഒരു തീരുമാനമെടുത്തു. അസുഖം സുഖപ്പെട്ട് വന്നാൽ ഇനിയുള്ള കാലം ഞാൻ എന്റെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കിത്തീർക്കുമെന്ന്. അന്ന് ഞാനെടുത്ത ആ ദൃഢ നിശ്ചയങ്ങളാണ് ഇന്നെന്റെ ജീവിതത്തെ മുമ്പോട്ട് നയിക്കുന്നത്. കുറെ വേദന സഹിക്കേണ്ടി വന്നെങ്കിലും വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലുമപ്പുറം മഹത്തായ കുറെ സൗഭാഗ്യങ്ങൾ എനിക്ക് കൊണ്ടുവന്നു തന്നത് ആ ട്യൂമറാണ്.”

ഒന്നാലോചിച്ചു നോക്കൂ അവർ പറയുന്നത് ശരിയല്ലേ എന്ന്. ചിലത് നഷ്ടപ്പെടുമ്പോഴാണ് നമുക്ക് അതിലും മൂല്യവത്തായ പലതും ലഭിക്കുന്നത്. തന്റെ സ്വാസ്ഥ്യം കെടുത്തുന്ന ആ ട്യൂമറിനെ അവർ വെറുത്തിരിക്കാം. ശപിച്ചിട്ടുണ്ടാകാം. എന്തിനെനിക്കിത് നൽകി എന്ന് ദൈവത്തോട് പരാതിപ്പെട്ടിട്ടുണ്ടാകാം. പക്ഷെ അവർ തന്നെ ഇന്ന് പറയുന്നു ആ ട്യൂമർ തന്റെ ഭാഗ്യമുദ്രയാണെന്ന്. ഇതാണ് ഈ ജീവിതം നമുക്കായി ഒരുക്കി വെച്ചിരിക്കുന്ന വിചിത്രമായ സമ്മാനങ്ങളിൽ ചിലത്.

ഇത്‌ തന്നെയല്ലേ നമ്മുടെ ഈ കൊച്ചു കേരളത്തിലും സംഭവിച്ചത്‌. പ്രളയവും പേമാരിയും വന്നപ്പോഴല്ലേ മതവും രാഷ്ട്രിയവുമെല്ലാം മറന്ന് ഇന്നാട്ടിലെ ജനങ്ങൾ മുഴുവൻ ഒത്തൊരുമിച്ചത്‌? അങ്ങനെയൊരു പ്രതിസന്ധി വന്നപ്പോഴല്ലേ നാം ഓരോരുത്തരും അന്യോന്യം കൂടുതൽ അടുത്തറിഞ്ഞതും പരസ്പരം ചേർത്തു പിടിച്ചതും? ആ പ്രളയം വന്നത്‌ എന്തുകൊണ്ടും നന്നായി എന്ന് നമുക്ക്‌ പലപ്പോഴും തോന്നിയിട്ടില്ലെ?

നമുക്കുണ്ടാകുന്ന നല്ലതും ചീത്തയുമായ ഓരോ അനുഭവങ്ങൾക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ട്. ഓരോ പാഠങ്ങളുണ്ട്. കാരണമില്ലാതെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു ചെറിയ പാഠമെങ്കിലും നമുക്ക് പകർന്നു തരാത്തതായി യാതൊന്നുമില്ല. ഓരോ മഴക്കാറിന് പിന്നിലും ഒരു പ്രകാശരേഖയുണ്ട്. അത് കണ്ടെത്താൻ സാധിച്ചാൽ നമ്മുടെ ജീവിതം കൂടുതൽ ആനന്ദകരമായിത്തീരും.

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.