ഗില്ലിയൺ ലിന്നിന്റെ ജീവിതകഥ

പ്രശസ്ത എഴുത്തുകാരൻ കെൻ റോബിൻസണിന്റെ (Ken Robinson) ‘The Element’ എന്ന പുസ്തകത്തിലൂടെയാണ്‌ ഗില്ലിയൺ ലിന്നിന്റെ (Gillian Lynne) ജീവിതകഥ പുറം ലോകമറിഞ്ഞത്‌.

എട്ട്‌ വയസ്സുകാരിയായ ഗില്ലിയൺ പഠനത്തിൽ വളരെ പിന്നിലായിരുന്നു. കൈയ്യക്ഷരം വളരെ മോശമായതിനാലും പഠനവൈകല്യങ്ങൾ ഉള്ളതുകൊണ്ടും അവൾക്ക്‌ പരീക്ഷകളിൽ മിക്കപ്പോഴും വളരെ കുറഞ്ഞ മാർക്കാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌. എന്ന് മാത്രമല്ല സ്കൂളിൽ അവളൊരു ഗജപോക്കിരിയുമായിരുന്നു. ടീച്ചേഴ്സ്‌ പറയുന്ന അസൈന്മെന്റുകളൊന്നും തന്നെ അവൾ വീട്ടിൽ നിന്ന് ചെയ്തു കൊണ്ടു വരുമായിരുന്നില്ല എന്ന് മാത്രമല്ല, അവൾ ക്ലാസ്‌ റൂമിൽ മിക്കപ്പോഴും അച്ചടക്കമില്ലാതെ പെരുമാറുകയും ടീച്ചർമാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമായിരുന്നു.

അവസാനം അവളെക്കൊണ്ട്‌ പൊറുതി മുട്ടിയപ്പോൾ സ്കൂൾ അധികൃതർ അവളുടെ രക്ഷിതാക്കൾക്കൊരു കത്തയച്ചു. പഠനവൈകല്യവും അച്ചടക്കമില്ലായ്മയുമുള്ള ഈ കുട്ടിയെ ഇനി ഈ സ്കൂളിൽ തുടരാൻ അനുവദിക്കാനാവില്ലെന്നും, അതിനാൽ എത്രയും പെട്ടെന്ന് അവളെ ഏതെങ്കിലും സ്പെഷ്യൽ സ്കൂളിലേക്ക്‌ മാറ്റിച്ചേർക്കണമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കത്ത്‌ വായിച്ച അവളുടെ മാതാപിതാക്കൾ അങ്ങേയറ്റം മനോവിഷമത്തിലായി. അവളുടെ ഭാവിയെന്താകുമെന്ന ഉത്കണ്ഠ അവരെ അലട്ടി. ഒടുവിൽ അവർ അവളെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചു.

അമ്മയോടൊപ്പം സൈക്കോളജിസ്റ്റിന്റെ ഓക്ക്‌ പാനൽ ചെയ്ത ചേംബറിനകത്തേക്ക്‌ പ്രവേശിച്ച ഗില്ലിയൺ ഒന്നും മിണ്ടാതെ ഭയപ്പാടോടെ ഒരു ലെതർ കസേരയിൽ ഒതുങ്ങിയിരുന്നു. സൈക്കോളജിസ്റ്റ്‌ അവളുടെ അമ്മയോട്‌ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. വലിയ മനോവിധമത്തോടെ അവർ കാര്യങ്ങൾ വിശദീകരിക്കുമ്പോഴും സൈക്കോളജിസ്റ്റിന്റെ കണ്ണുകൾ അവളെ സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടെയിരിക്കുകയായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞാപ്പോൾ അദ്ദേഹം തന്റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു കൊണ്ട്‌ പറഞ്ഞു.

“എനിക്ക്‌ നിങ്ങളോട്‌ മാത്രമായി ചിലത്‌ സംസാരിക്കാനുണ്ട്‌. വരൂ. നമുക്ക്‌ പുറത്തോട്ട്‌ പോകാം. മോളിവിടെ ഇരിക്കട്ടെ.”

അവിടെ മേശപ്പുറത്തുണ്ടായിരുന്ന റേഡിയോ ഓണാക്കി വെച്ച ശേഷം ഡോക്ടർ അമ്മയെയും കൂട്ടി പുറത്തേക്കിറങ്ങി. പിന്നെ അവരെ മറ്റൊരു ഇടനാഴിയിലേക്ക്‌ നയിച്ച്‌ ഒരു ചെറിയ ചില്ലുജാലകത്തിന്‌ സമീപം ചെന്നു നിന്നു. അതിലൂടെ നോക്കിയാൽ ഡോക്ടറുടെ ചേംബറിനകത്തിരിക്കുന്ന ഗില്ലിയനെ വളരെ വ്യക്തമായി കാണാമായിരുന്നു. അവർ അവളെ നിരീക്ഷിക്കാൻ തുടങ്ങി.

ഡോക്ടറും അമ്മയും മുറിവിട്ടു പോയതോടെ അൽപം ധൈര്യം കൈവരിച്ച ഗില്ലിയൺ പതുക്കേ കസേരയിൽ നിന്നിറങ്ങി റേഡിയോയിലൂടെ ഒഴുകി വരുന്ന പാട്ടിനനുസരിച്ച്‌ ചുവടുവെക്കാൻ തുടങ്ങി. ചുറ്റിലും തന്റേതായ ഒരു മായിക ലോകം തീർത്തുകൊണ്ട്‌ അവൾ ആ മുറിയിൽ മുഴുവൻ നൃത്തത്താൽ സ്വയം നിറഞ്ഞു. അപ്പോൾ ആ മുഖത്ത്‌ ദൈവികമായ ഒരു തേജസ്സ്‌ സ്ഫുരിക്കുന്നുണ്ടായിരുന്നു.

ഡോക്ടർ ഗില്ലിയന്റെ അമ്മയുടെ നേർക്ക്‌ തിരിഞ്ഞുകൊണ്ട്‌ പറഞ്ഞു.

“നിങ്ങളുടെ മകൾക്ക്‌ യാതൊരു കുഴപ്പവുമില്ല. അവൾക്ക്‌ വേണ്ടത്‌ പുസ്തകങ്ങളോ അടച്ചിട്ട ക്ലാസ്മുറികളോ അല്ല. നൃത്തമാണ്‌. എത്രയും വേഗം അവളെ ഒരു ഡാൻസ്‌ ക്ലാസിൽ ചേർക്കൂ.”

ഡോക്ടറുടെ ഉപദേശപ്രകാരം അവർ അവളെ ഒരു ഡാൻസ്‌ ക്ലാസിൽ ചേർത്തു. അദ്ദേഹത്തിന്റെ നിഗമനം വളരെ ശരിയായിരുന്നു. ഡാൻസ്‌ സ്കൂളിൽ വെച്ച്‌ തന്റെ സമാനചിന്താഗതിക്കാരായ കുറെ കുട്ടികളെ കണ്ടു മുട്ടിയ അവൾ വളരെ പെട്ടെന്ന് തന്നെ അവരുമായി ഇണങ്ങിച്ചേർന്നു. അവൾ അവരെ ഇഷ്ടപ്പെടുകയും അതിലേറെ അവർ അവളെ ഇഷ്ടപ്പെടുകയും ചെയ്തു. ആ ഡാൻസ്‌ സ്കൂളും അവിടുത്തെ സാഹചര്യങ്ങളും അവളിൽ പുതിയൊരു ഉന്മേഷം നിറച്ചു. അവൾ ഉത്സാഹത്തോടെ പ്രാക്ടീസ്‌ ചെയ്തു. വീട്ടിൽ ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം അവൾ സ്കൂളിന്റെ നൃത്തവേദിയിൽ ചെലവഴിച്ചു. കഠിനമായ പ്രാക്ടീസിലൂടെ അവൾ നൃത്തത്തെ പുൽകിപ്പുണർന്നു. എല്ലാ വേദികളിലും അവളുടെ നൃത്തം പ്രശംസകൾ പിടിച്ചു പറ്റി. അധികം വൈകാതെ അവൾ ലണ്ടനിലെ റോയൽ ബാലെ സ്കൂളിലേക്ക്‌ (Royal Ballet School) തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ നൃത്ത വേദികളിലും അവൾ നിറഞ്ഞു നിന്നു. എല്ലാ നൃത്താസ്വാദകരുടെയും ചുണ്ടുകളിൽ അവളുടെ പേര്‌ തത്തിക്കളിച്ചു.

നീണ്ട നാല്‌ പതിറ്റാണ്ടുകൾ അവൾ നിറഞ്ഞാടി…..

ഇനി കഥയുടെ ക്ലൈമാക്സിലേക്ക്‌…

കഴിവില്ലാത്ത കുട്ടി എന്ന് മുദ്രകുത്തി അധ്യാപകർ സ്പെഷ്യൽ സ്കൂളിലേക്ക്‌ റെഫർ ചെയ്ത്‌  ആ കുട്ടിയാണ്‌ പിൽക്കാലത്ത്‌ ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയതും, ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിക്കപ്പെട്ടതും, ഇന്നും നൃത്താസ്വാദകർക്ക്‌ ഏറ്റവും പ്രിയപ്പെട്ടതുമായ രണ്ട്‌ മ്യൂസിക്കൽ ഡാൻസ്‌ ഷോകൾക്ക്‌ കോറിയോഗ്രഫി ചെയ്തത്‌ – ക്യാറ്റ്സ്‌ (Cats), ഫാന്റം ഓഫ്‌ ഒപേറ (Phantom of Opera).

ഒരോ കുട്ടിക്കും ശോഭിക്കാൻ കഴിയുന്ന ഒരു മേഖലയുണ്ട്‌. അത്‌ ഏതാണെന്ന് തിരിച്ചറിഞ്ഞ്‌ അതിൽ അവരെ വളരാനനുവദിച്ചാൽ അവർക്ക്‌ ഉയരങ്ങൾ കൈയെത്തിപ്പിടിക്കാൻ സാധിക്കും എന്നതിന്‌ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഗില്ലിയൺ ലിന്നിന്റെ ഈ വിജയഗാഥ.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.