ജീവിതത്തിലെ ചില കൊടുക്കൽ വാങ്ങലുകൾ

ഫിലാഡൽഫിയ നഗരത്തിൽ നിന്നകലെ തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്‌. അടുത്തൊന്നും മറ്റ്‌ ഹോട്ടലുകളോ വ്യാപാരസ്ഥാപനങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വളരെ എളിയ രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ഹോട്ടലായിരുന്നു അത്‌.

ഇടിയും മിന്നലും മഴയും കൊടുമ്പിരികൊണ്ട ഒരു രാത്രിയിൽ തീർത്തും ക്ഷീണിതരായ രണ്ട്‌ വൃദ്ധ ദമ്പതിമാർ ഹോട്ടലിലേക്ക്‌ കയറി വന്നു. അവർക്ക്‌ അത്യാവശ്യമായി ഒരു മുറി വേണമായിരുന്നു. അവരുടെ കാർ കുറച്ചപ്പുറത്ത്‌ വെച്ച്‌ കേടായി. അത്‌ നേരെയാക്കാതെ അവർക്കിനി യാത്ര തുടരാനാവില്ല. രാവിലെ മെക്കാനിക്കിനെ വിളിച്ച്‌ കാർ ശരിയാക്കുന്നത്‌ വരെ അവർക്ക്‌ വിശ്രമിക്കാൻ ഒരു മുറി വേണം.

പക്ഷെ അപ്പോൾ ഹോട്ടലിൽ മുറിയൊന്നും ഒഴിവില്ലായിരുന്നു. എല്ലാ റൂമും അതിഥികളാൽ നിറഞ്ഞിരുന്നു.റിസപ്ഷൻ കൗണ്ടറിലിരുന്ന ജോർജ്ജ്‌ എന്ന ചെറുപ്പക്കാരൻ അവരെ കാര്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തി.

ക്ഷീണിതരായ വൃദ്ധദമ്പതിമാർ നിസ്സഹായതയോടെ പരസ്പരം നോക്കി. ജോർജ്ജ്‌ അവരെ അടിമുടിയൊന്ന് വീക്ഷിച്ചു.ഇരുവരും നല്ല പ്രായമുള്ളവരും ക്ഷീണിതരുമാണ്‌. അടുത്തൊന്നും വേറെ ഹോട്ടലുകളൊ മറ്റു താമസസൗകര്യങ്ങളോ ഒന്നും തന്നെയില്ല. നട്ടപ്പാതിരക്ക്‌ കോരിച്ചൊരിയുന്ന മഴയത്ത്‌ ഇവരിനി എവിടെ പോകാൻ?

ജോർജ്ജിന്‌ അവരോട്‌ ദയ തോന്നി. അയാൾ പറഞ്ഞു.

കുറച്ച്‌ സമയം വെയിറ്റ്‌ ചെയ്യാമെങ്കിൽ ഞാൻ നിങ്ങൾക്കൊരു റൂം തരാം സർ. പക്ഷെ അവിടെ സൗകര്യങ്ങൾ വളരെ കുറവാണ്‌. നിങ്ങൾ ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യേണ്ടി വരും.”

കുഴപ്പമില്ല.” അവർ സമ്മതിച്ചു.

ജോർജ്ജ്‌ അപ്പോൾത്തന്നെ അവിടുത്തെ ജോലിക്കാരനെ വിളിച്ചു വരുത്തി താൻ കിടക്കുന്ന മുറി നല്ല വണ്ണം വൃത്തിയാക്കിയിടാനാവശ്യപ്പെട്ടു. വെള്ളവും മറ്റ്‌ അത്യാവശ്യ വസ്തുക്കളും അവിടെ തയ്യാറാക്കി വെക്കാനും ആവശ്യപ്പെട്ടു. അടുത്ത പതിനഞ്ച്‌ മിനിട്ടിനുള്ളിൽ റൂം റെഡിയായി.

ചെറുതാണെങ്കിലും നല്ല വൃത്തിയും ചിട്ടയുമുണ്ടായിരുന്ന മുറിയിൽ വൃദ്ധദമ്പതിമാർ ഇരുവരും രാത്രി സുഖമായുറങ്ങി. നേരം പുലർന്നപ്പോൾ ജോർജ്ജ്‌ തന്നെ ഒരു മെക്കാനിക്കിനെ വിളിച്ചു വരുത്തി അവരുടെ കാർ ശരിയാക്കിക്കൊടുക്കുകയും ചെയ്തു. അവർ ജോർജ്ജിനോട്‌ നന്ദി പറഞ്ഞ്‌ സന്തോഷത്തോടെ യാത്ര തുടരുകയും ചെയ്തു.

സംഭവങ്ങളെല്ലാം ജോർജ്ജ്‌ അധികം താമസിയാതെ മറന്നു. പക്ഷെ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ജോർജ്ജിനെ തേടി ഹോട്ടലിന്റെ വിലാസത്തിലേക്ക്‌ ഒരു തപാൽ വന്നു. ന്യൂയോർക്ക്‌ നഗരത്തിൽ ഉടൻ തുറന്ന് പ്രവർത്തിക്കാൻ പോകുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫൈവ്‌ സ്റ്റാർ ഹോട്ടലായ  വാൾഡോർഫ്‌ അസ്റ്റോറിയയുടെ മാനേജർ സ്ഥാനത്തേക്ക്‌ ജോർജ്ജിനെ ക്ഷണിച്ചുകൊണ്ടുള്ള അപ്പോയിന്റ്‌മന്റ്‌ ലെറ്റർ ആയിരുന്നു അത്‌.

താൻ ജോലിക്ക്‌ അപേക്ഷിക്കാതിരുന്നിട്ടു പോലും എങ്ങനെയാണ്‌ ഓഫർ തന്നെ തേടിയെത്തിയത്‌ എന്നറിയാതെ കുഴങ്ങിപ്പോയ ജോർജ്ജ്‌ ഒടുവിൽ കത്തിൽ പറഞ്ഞ ദിവസം ചോദ്യങ്ങൾ തിങ്ങിവിങ്ങിയ മനസ്സുമായി ന്യൂയോർക്ക്‌ നഗരത്തിലെത്തി. വലിയ രീതിയിലുള്ള സ്വീകരണമാണ്‌ ഹോട്ടലിൽ അയാൾക്ക്‌ ലഭിച്ചത്‌. ആഡംബര പൂർണ്ണമായ ഹോട്ടലിലെ, പ്രൗഢമായി അലങ്കരിച്ച  ക്യാബിനകത്തെ മാനേജർ കസെരയിൽ ഒരു പിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായിരിക്കുമ്പോൾ പ്രായം ചെന്ന ഒരാൾ വാതിലിൽ മുട്ടി അനുവാദം ചോദിച്ചുകൊണ്ട്‌ കയറി വന്നു.

ഞാൻ ജോൺ ജേക്കബ്‌ ആസ്റ്റർ. ഹോട്ടലിന്റെ ഉടമസ്ഥനാണ്‌.” ആഗതൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞു. “എന്നെ ഓർക്കുന്നുണ്ടോ?”

ജോർജ്ജ്‌ അയാളെ സൂക്ഷിച്ചു നോക്കി. പതിയെ അവൻ മുഖം ഓർത്തെടുത്തു. ഇടിയും മിന്നലും കാറ്റും മഴയും പെയ്തിറങ്ങിയ രാത്രി. രണ്ട്‌ വൃദ്ധ ദമ്പതിമാർ……

നിറഞ്ഞ ചിരിയോടെ അവന്റെ കൈ പിടിച്ചു കുലുക്കി ആശംസകൾ നേർന്നു കൊണ്ട്‌ മനുഷ്യൻ മുറിവിട്ടിറങ്ങിപ്പോയി. അവന്റെ മനസ്സിലെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം അയാളുടെ ചിരിയിലുണ്ടായിരുന്നു.

ഫിലാഡൽഫിയയിലെ ചെറിയ സിക്ലാസ്സ്‌ ഹോട്ടലിന്റെ ലോബിയിൽ നിന്ന് തന്റെ മനസ്സിന്റെ വിശാലതകൊണ്ട്‌ മാത്രം ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മാനേജർ കസേരയിലെത്തിയ ചെറുപ്പക്കാരന്റെ മുഴുവൻ പേര്‌ ജോർജ്ജ്‌ സി ബോൾട്ട്‌ (George C Bolt) എന്നായിരുന്നു. പിന്നീട്‌ തന്റെ മരണം വരെ ഹോട്ടലിന്റെ മാനേജരായി സേവനമനുഷ്ടിച്ച ജോർജ്ജ്‌ തന്റെ സ്വതസിദ്ധമായ സേവനമാതൃകയിലൂടെ സ്ഥാപനത്തിന്‌ പല വിലപ്പെട്ട സംഭാവനകളും നൽകി.

തിരിച്ചൊന്നും പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല ജോർജ്ജ്‌ അന്ന് വൃദ്ധദമ്പതിമാരെ സഹായിച്ചത്‌. തികച്ചും നിസ്വാർദ്ധമായിരുന്നു അദ്ദേഹത്തിന്റെ നല്ല പ്രവൃത്തി. അതിനുള്ള പ്രതിഫലം പക്ഷെ അദ്ദേഹത്തെ തേടിയെത്തി. ഒരു ചെറിയ സൽകർമ്മം അദ്ദേഹത്തെ സ്വപ്നാതീതമായ ഉയരങ്ങളിലെത്തിച്ചു. അദ്ദേഹം ചെയ്തു കൊടുത്ത ചെറിയ സഹായം പോലും മറക്കാതിരുന്ന ജോൺ ജേക്കബ്‌ ആസ്റ്റർ (John Jacob Astor) എന്ന വലിയ മനുഷ്യൻ ജോർജ്ജ്‌ തന്നോട്‌ കാണിച്ച സ്നേഹത്തിന്‌ പതിന്മടങ്ങായി പ്രത്യുപകാരം ചെയ്യുകയും ചെയ്തു.

ഇതാണ്‌ ജീവിതം..! പരസ്പരമുള്ള സ്നേഹത്തിൽ പൊതിഞ്ഞ കൊടുക്കൽ വാങ്ങലുകളാണ്‌ നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്‌. നാം മറ്റുള്ളവർക്ക്‌ നൽകുന്ന നിസ്വാർത്ഥമായ സഹായങ്ങൾ, അതെത്ര ചെറുതാണെങ്കിൽ പോലും, അതിനുള്ള പ്രതിഫലം ഏതെങ്കിലും മാർഗ്ഗത്തിൽ നമുക്ക്‌ തിരികെ ലഭിച്ചിരിക്കും. ഒരു പക്ഷെ നമ്മൾ ചെയ്തതിലും നൂറിരട്ടിയായി. ഇതിനെയാണ്‌ മാനേജ്‌മന്റ്‌ ഭാഷയിൽ വാൾഡോർഫ്‌ തത്വം (Waldorf Principle) എന്ന് പറയുന്നത്‌ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലായ വാൾഡോർഫ്‌  അസ്റ്റോറിയ (Hotel Waldorf Astoria) യുടെ ഉടമ തന്റെ മാനേജരെ കണ്ടെത്തിയ കഥയിൽ നിന്നാണ്‌ പേരിന്റെ ഉത്ഭവം.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

1 comment

Your Header Sidebar area is currently empty. Hurry up and add some widgets.