ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു.

പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി.

അപ്പോൾ അവരിലൊരാൾ പറഞ്ഞു, “പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌? അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌?”

ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു – “ഞാൻ ചായയെടുക്കാം.”

ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ.”

ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു.

ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം.”

അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

അദ്ദേഹം പറഞ്ഞു തുടങ്ങി.

ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. ബാക്കി രണ്ടെണ്ണാം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു.”

കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു.

എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌?”

അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.

അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” അദ്ദേഹം തുടർന്നു. “ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌.”

ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു.

നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം കപ്പുകൾ പോലെയും. ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും നാട്ടുകാരൊടും അൽപനേരം സൊറ പറഞ്ഞിരിക്കുകഅവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.”

അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. അത്ര നാൾ തങ്ങൾ സഞ്ചരിച്ചു വഴികളയിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി.

നമുക്കും ഇതൊരു പാഠമായിരിക്കട്ടേ.

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം എന്ന് തിരിച്ചറിയുകയാണ്‌ സന്തോഷത്തിലേക്കുള്ള എളുപ്പ മാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്‌. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ 

ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും ഫലവും നഷ്ടപ്പെടും. അതിനാൽ കപ്പിന്റെ ഭംഗിയും വലിപ്പവും കാര്യമാക്കാതെ ചായ ആസ്വദിച്ചു കുടിക്കൂ…. ജീവിതം ആന്ദകരമാക്കൂ….

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.