ജീവിതത്തിൽ വിജയം വരിക്കാൻ പ്രായം ഒരു തടസ്സമാണോ….???

Age is just a number – ഇതായിരുന്നു 2014ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ്‌ ആർ യു’ എന്ന സിനിമയുടെ പരസ്യവാചകം. ജീവിതത്തിൽ ഉയരങ്ങൾ കൈയ്യെത്തിപ്പിടിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന സന്ദേശമാണ്‌ ഈ സിനിമ മുമ്പോട്ട്‌ വെക്കുന്നത്‌.

ഒരു സിനിമയുടെ ഇതിവൃത്തം എന്നതിനപ്പുറം ഈ വാചകത്തിന്‌ പല അർത്ഥതലങ്ങളുമുണ്ടെന്ന് നമുക്ക്‌ ആഴത്തിൽ ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

‘എനിക്ക്‌ പ്രായമായി. ഇനി എന്നെക്കൊണ്ടൊന്നിനും കഴിയില്ല’ എന്ന് പറഞ്ഞ്‌ പരിതപിക്കുന്നവർ ഇന്ന് നമുക്ക്‌ ചുറ്റും ധാരാളമുണ്ട്‌. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മടികൊണ്ടും, സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തത്‌ കൊണ്ടുമൊക്കെയാണ്‌ പലരും ഇത്തരം പൊള്ളത്തരങ്ങൾ പറഞ്ഞൊഴിയാൻ ശ്രമിക്കുന്നത്‌. എന്നാൽ ഈ പ്രായം എന്നത്‌ ഒരു വലിയ പ്രശ്നമാണോ? പ്രായക്കൂടുതൽ ഒരാളെ തന്റെ കർത്തവ്യങ്ങളിൽ നിന്ന് പുറകോട്ട്‌ വലിക്കുന്ന ഘടകമാണോ?

അല്ല എന്നാണ്‌ ഇന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നത്‌. ഈയിടെ അമേരിക്കയിൽ നടന്ന ഒരു ഗവേഷണ ഫലം വ്യക്തമാക്കുന്നത്‌ 60 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ആളുകളാണ്‌ ഏറ്റവും ‘പ്രൊഡക്റ്റീവ്‌ ‘ ആയിരിക്കുന്നത്‌ എന്നാണ്‌. 70നും 80നുമിടയിലുള്ളവർക്കാണ്‌ രണ്ടാം സ്ഥാനം. 50നും 60നുമിടയിലുള്ളവർക്ക്‌ മൂന്നാം സ്ഥാനവും. ചെറുപ്പക്കാരെ അപേക്ഷിച്ച്‌ പ്രായമായവർക്ക്‌ ക്രിയേറ്റിവിറ്റിയും പ്രൊഡക്റ്റിവിറ്റിയും കൂടുതലാണെന്ന് വേറെയും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇത്‌ ശരിയാണെന്ന് ഇന്ന് നമ്മുടെ ചുറ്റുപാടുകൾ തന്നെ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു. ഇന്ന് നൊബേൽ സമ്മാനം നേടുന്നവരുടെ ശരാശരി പ്രായം 62 ആണ്‌. പല ഫോർച്ച്യൂൺ 500 കമ്പനികളുടെയും സി.ഇ.ഒമാരുടെ ശരാശരി പ്രായം 63 ആണ്‌. 70 വയസ്സിൽ കൂടുതൽ പ്രായമുള്ള വയോധികരാണ്‌ ഇന്ന് ലോകത്തിലെ പ്രശസ്തമായ പല പള്ളികളിലും വൈദികവൃത്തിയിലേർപ്പെട്ടിരിക്കുന്നത്‌. എന്തിനധികം പറയുന്നു? നമ്മുടെ പോപ്പുമാരുടെ പോലും ശരാശരി പ്രായം 76 ആണ്‌.

60 വയസ്സിനും 80 വയസ്സിനിമിടയിലാണ്‌ പലരുടെയും നെറുകയിൽ ദൈവത്തിന്റെ കൈയൊപ്പ്‌ പതിയുന്നത്‌. നമ്മുടെ നാട്ടിൽ പലരും റിട്ടയർമെന്റ്‌ എന്ന കമ്പിളിപ്പുതപ്പിനകത്തേക്ക്‌ സ്വയം ചുരുണ്ടുകൂടുന്ന പ്രായത്തിലാണ്‌ വിദേശ രാജ്യങ്ങളിൽ പലരും കൂടുതൽ കർമ്മനിരതരാകുന്നത്‌.

ഉദാഹരണത്തിന്‌, തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സിലാണ്‌ റേ ക്രോക്ക്‌ (Ray Croc) McDonald’s കമ്പനി ഏറ്റെടുക്കുന്നതും ആതിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതും. തന്റെ 70ആമത്തെ വയസ്സിലാണ്‌ റൊണാൾഡ്‌ റീഗൺ (Ronald Reagan) അമേരിക്കയുടെ നാൽപതാമത്തെ പ്രസിഡണ്ടായി പദവിയേൽക്കുന്നത്‌. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ തന്റെ 65ആമത്തെ വയസ്സിലാണ്‌ കേണൽ ഹാർലാൻഡ്‌ സാൻഡേഴ്സൺ (Colonel Harland Sanderson) കെന്റുക്കി ഫ്രൈഡ്‌ ചിക്കൻ (KFC) എന്ന പുതിയ രസക്കൂട്ടിലൂടെ ലോകം കീഴടക്കുന്നത്‌. ചാൾസ്‌ ഡാർവിൻ (Charles Darvin) തന്റെ 50ആമത്തെ വയസ്സിലാണ്‌ ‘On the Origin of Species’ എന്ന ഗ്രന്ഥത്തിലൂടെ ‘പരിണാമ സിദ്ധാന്തം’ മുമ്പോട്ട്‌ വെക്കുന്നത്‌. പീറ്റർ റോജറ്റ്‌ (Peter Roget) തന്റെ 73ആമത്തെ വയസ്സിലാണ്‌ തിസോറസ്‌ (Thesaurus) എന്ന നിഘണ്ടു പ്രസിദ്ധീകരിക്കുന്നത്‌. വർഷങ്ങൾ നീണ്ട ജീവിത സംഘർഷങ്ങൾക്കും കഷ്ടപ്പാടുകൾക്കുമൊടുവിൽ തന്റെ 60ആമത്തെ വയസ്സിലാണ്‌ കാത്രീൻ ജൂസ്റ്റെൻ (Kathryn Joosten) എന്ന നടിക്ക്‌ സിനിമയിൽ ഒരവസരം ലഭിക്കുന്നത്‌. സാം വാൾട്ടൻ (Sam Walton) തന്റെ 44ആമത്തെ വയസ്സിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ട്‌ (Walmart) സ്ഥാപിക്കുന്നത്‌.

ഇങ്ങനെ പ്രായത്തിനെ വെറുമൊരു സംഖ്യ മാത്രമാക്കി ഒതുക്കിക്കൊണ്ട്‌ നിരന്തരമായ പരിശ്രമം കൊണ്ടും പ്രതിസന്ധികളിൽ തളരാത്ത മനസ്സുകൊണ്ടും ജീവിതത്തിൽ വിജയപഥത്തിലെത്തിച്ചേർന്നവർ നിരവധിയാണ്‌. ഉള്ളിൽ ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ തലമുടിയുടെ വെളുപ്പോ തൊലിപ്പുറത്തെ ചുളിവോ ഒന്നിനും ഒരു തടസ്സമല്ല. പ്രായമല്ല, പ്രവൃത്തിയാണ്‌ നമ്മെ മുമ്പോട്ട്‌ നയിക്കുന്നതും നമ്മുടെ ജയാപജയങ്ങൾ നിശ്ചയിക്കുന്നതും.

അതിനാൽ ഇനി മുതൽ ഉത്തരവാദത്തങ്ങളിൽ നിന്നൊഴിയാൻ പ്രായവും ആരോഗ്യസ്ഥിതിയും കാരണങ്ങളാക്കി നിരത്താതെ ആർജ്ജവത്തോടെ സ്ഥിരോത്സാഹത്തോടെ മുമ്പോട്ട്‌ ചുവടുവെക്കുക. വിജയം നിങ്ങളുടെ കൈ അകലത്തിൽ തന്നെയുണ്ട്‌.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

1 comment

Your Header Sidebar area is currently empty. Hurry up and add some widgets.