ബിടെക് പാസായി 3 വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ എന്നോട് പറഞ്ഞു. “എനിക്ക് ഇതുവരെ ജോലിയൊന്നും കിട്ടിയിട്ടില്ല. കാരണം ജോലികിട്ടാനുള്ള കഴിവൊന്നുമുള്ളയാളല്ല ഞാൻ. എന്നാൽ, എന്റെ ചേട്ടൻ നല്ല മിടുക്കനാണ് , കഴിവുള്ളവനാണ്.” തന്റെ ചേട്ടനുമായി തന്റെ കഴിവിനെ താരതമ്യം ചെയ്ത് സ്വയം താൻ കഴിവുള്ളയാളല്ല എന്നു സ്വയം ധരിച്ച ആ വ്യക്തിയോട് അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിക്കാൻ എനിക്ക് ഒരു കഥ പറയേണ്ടി വന്നു. അതിങ്ങനെയാണ്.
“നമ്മൾ രണ്ടുപേരും കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. പോകുന്ന വഴിക്ക് ഒരു കുരങ്ങനേയും ആനയേയും നമുക്ക് ചങ്ങാതികളായി കിട്ടി. അങ്ങനെ നമ്മൾ നാലുപേരും ഒന്നിച്ച് പോകുമ്പോൾ ഒരു മരത്തിന്റെ മുകളിൽ ഒരുപഴം. അതെനിക്ക് വേണമെന്ന് തോന്നിയപ്പോൾ എന്റെ സുഹൃത്തുക്കളോട് ഞാനത് ആവശ്യപ്പെട്ടു.” ആനയാണോ കുരങ്ങനാണോ എനിക്ക് ആ പഴം എടുത്ത് തരുന്നത് എന്ന് ഞാനയാളോട് ചോദിച്ചപ്പോൾ അയാളുടെ ഉത്തരം കുരങ്ങൻ എന്നായിരുന്നു. ശരിയാണ് കുരങ്ങനായിരിക്കും എനിക്ക് വേണ്ടി ആ സഹായം ചെയ്തിട്ടുണ്ടാകുക. അപ്പോൾ ആരാണ് മിടുക്കൻ? ആനയാണോ കുരങ്ങനാണോ എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കുരങ്ങനാണ് മിടുക്കൻ എന്നായിരുന്നു.
ഞാൻ കഥ തുടർന്നു. “പിന്നേയും കുറച്ച് ദൂരം ചെന്നപ്പോൾ നമ്മുടെ വഴിക്ക് കുറുകെ ഒരു വലിയ തടി കിടക്കുന്നു. അത് മാറ്റാതെ നമ്മുടെ യാത്ര മുമ്പോട്ട് പോകില്ല. ആരായിരിക്കും ആ തടി എടുത്തുമാറ്റുക?” ആനയാണോ കുരങ്ങനാണോ എന്ന ചോദ്യത്തിന് യാതൊരു സംശയവും കൂടാതെ അയാൾ പറഞ്ഞു അത് ആനയായിരിക്കുമെന്ന്. ശരിയാണ് അത്രയും വലിയ തടി എടുത്ത് മാറ്റാൻ ആനയ്ക്കേ കഴിയൂ. ഇപ്പോൾ ആരാണ് മിടുക്കൻ? ആനയണോ കുരങ്ങനാണോ? അയാളുടെ ഉത്തരം ആനയാണ് മിടുക്കൻ എന്നായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, കുറച്ച് മുമ്പേ നിങ്ങൾ പറഞ്ഞു കുരങ്ങനാണ് മിടുക്കൻ എന്ന്. ഇപ്പോൾ പറയുന്നു ആനയാണ് മിടുക്കൻ എന്ന്. ഇതിലേതാണ് ശരിക്കും സത്യം എന്ന് ഞാനയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയാണ് “ആ കാര്യത്തിൽ കുരങ്ങനായിരുന്നു മിടുക്കൻ ഇൗ കാര്യത്തിൽ ആനയും.” അപ്പോൾ ഞാൻ അയാളോട് പറഞ്ഞു ഇതു തന്നെയാണ് നിന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. നിന്റെ ചേട്ടൻ ചില കാര്യങ്ങളിൽ മിടുക്കൻ നീ വേറെ ചില കാര്യങ്ങളിൽ മിടുക്കൻ. നിന്റെ ചേട്ടൻ ഏതു കാര്യത്തിലണോ മിടുക്കൻ, അതയാൾ തിരിച്ചറിഞ്ഞു നീ ഇതുവരെ നിന്റെ കഴിവിനെക്കുറിച്ച് തിരിച്ചറിഞ്ഞട്ടില്ല എന്നതാണ് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.
സ്വന്തം കഴിവുകൾ തിരിച്ചറിയാത്തിടത്തോളം ഇങ്ങനെയുള്ള താരതമ്യം ചെയ്യൽ കൂടുതൽ ദുഖം ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ. എപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ കഴിവുകൾ നമ്മൾ നഷ്ടപ്പെടുത്തുന്നു എന്നതാണ്. കാരണം താരതമ്യം ചെയ്യുമ്പോൾ പൊതുവെ നമ്മുടെ കഴിവുകേടുകളെയാണ് മറ്റുള്ളവരുടെ കഴിവുകളായി നമ്മൾ താരതമ്യം ചെയ്യുന്നത്.
ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയിട്ടുള്ള രണ്ട് തത്വങ്ങളുണ്ട്. ഒന്ന്, ഇൗ ലോകത്ത് ഒരു ജന്മമുണ്ടായിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും ഒരു പ്രത്യേകതയും ഉണ്ടായിരിക്കും. രണ്ട്, ആ പ്രത്യേകതയിൽ അപാരമായ സാധ്യതയുമുണ്ടായിരിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയാത്തതുകൊണ്ടാണ് മറ്റുള്ളവരുമായി താരതമ്യം നടത്തുന്നത്. അങ്ങനെ താരതമ്യം ചെയ്യുമ്പോൾ രൂപപ്പെടുന്നവയാണ് അസൂയ, കുശുമ്പ് എന്നിങ്ങനെയുള്ള നെഗറ്റിവിറ്റികൾ. താരതമ്യം പലപ്പോഴും മനുഷ്യന്റെ ജീവിതത്തിന്റെ സ്വത്തം നഷ്ടപ്പെടുത്തും എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്.
Very good comments story and morale . I like it. Thank you sir.