ഒരിക്കൽ മുഹമ്മദ് നബി തന്റെ ഒരു അനുയായിയൊടൊപ്പം മദീനയിലെ ഒരു തെരുവിലൂടെ നടന്നു വരികയായിരുന്നു. അപ്പോൾ നബിയോട് വിദ്വേഷമുള്ള ഒരാൾ അദ്ദേഹത്തെ വഴിയിൽ തടഞ്ഞു നിർത്തി ചീത്ത വിളിക്കാൻ തുടങ്ങി. ആളുകൾ നോക്കി നിൽക്കെ വളരെ പരസ്യമായാണ് അയാൾ അദ്ദേഹത്തിനുമേൽ അസഭ്യവർഷം ചൊരിഞ്ഞത്.
ഇതെല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് നിന്നതല്ലാതെ നബി ഒരു വാക്കുകൊണ്ട് പോലും അയാളോട് പ്രതികരിച്ചില്ല. അയാളുടെ കേട്ടാലറക്കുന്ന ഭാഷയിലുള്ള സംസാരത്താൽ പ്രകോപിതനായ അനുയായി അയാളെ തിരിച്ചു ചീത്ത വിളിക്കാനും കൈയേറ്റം ചെയ്യാനും മുതിർന്നപ്പോൾ അദ്ദേഹം അയാളെ തടയുകയും അയാളുടെ കൈ പിടിച്ചു കൊണ്ട് മുമ്പോട്ട് നടക്കുകയും ചെയ്തു. എന്നാൽ അവർ കൺവെട്ടത്ത് നിന്ന് മറയുന്നത് വരെ അയാൾ അവരെ ചീത്തവിളിച്ചു കൊണ്ടേയിരുന്നു.
അൽപ ദൂരം പിന്നിട്ടപ്പോൾ കോപാന്ധനായ അനുയായി മുഹമ്മദ് നബിയോട് ചോദിച്ചു.
“നബിയേ, അയാൾ താങ്കളെ ഇത്രയും ഹീനമായ ഭാഷയിൽ ചീത്തവിളിച്ചിട്ടും താങ്കളെന്താണ് പ്രതികരിക്കാതിരുന്നത്?”
“വാ, പറയാം.” ഇത്ര മാത്രം പറഞ്ഞുകൊണ്ട് നബി മുമ്പോട്ട് നടന്നു. ഒന്നും പിടികിട്ടിയില്ലെങ്കിലും അനുയായി അദ്ദേഹത്തെ പിന്തുടർന്നു.
അവർ നേരെ ചെന്ന് കയറിയത് നബിയും പത്നിയും താമസിക്കുന്ന മൺകുടിലിലേക്കായിരുന്നു. അവിടെ എത്തിയ പാടെ നബി അയക്കോലിൽ നിന്ന് ഒരു മുഷിഞ്ഞ മേലങ്കിയെടുത്ത് അനുയായിയുടെ നേർക്ക് നീട്ടി. അയാൾ അത് വാങ്ങി കൈയിൽ വെച്ചുകൊണ്ട് നബിയെ മിഴിച്ചു നോക്കി. ഉടനെ നബി അയാളോട് ആ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. ആ വസ്ത്രം നിവർത്തി നോക്കിയ അനുയായി അത് വളരെ മുഷിഞ്ഞതാണെന്നും അതിൽ നിറയെ അഴുക്കും വിയർപ്പുമുണ്ടെന്ന് മനസ്സിലാക്കി.
” നബിയേ, ഇത് വളരെ വളരെ മുഷിഞ്ഞതാണല്ലോ. നല്ല വിയർപ്പുനാറ്റവുമുണ്ട്. ഇത് ഞാനെങ്ങനെ ധരിക്കും?” അയാൾ ചോദിച്ചു. ” ഞാനിത് ധരിച്ചാൽ ഇതിലുള്ള വിയർപ്പും ചെളിയുമെല്ലാം എന്റെ ദേഹത്തും പറ്റില്ലേ?”
ഇത് കേട്ട പാടെ ഒരു നിറഞ്ഞ പുഞ്ചിരിയോടെ അയാളുടെ കൈയിൽ നിന്ന് ആ വസ്ത്രം തിരികെ വാങ്ങി അയക്കോലിൽ തന്നെയിട്ട ശേഷം നബി പറഞ്ഞു.
“എങ്കിൽ കേട്ടോ. മറ്റുള്ളവർ നമ്മുടെ നേർക്ക് തൊടുത്തുവിടുന്ന ദുഷിച്ച വാക്കുകളും ഭർത്സനങ്ങളും ഈ മുഷിഞ്ഞ വസ്ത്രം പോലെയാണ്. നാം അതെടുത്തണിഞ്ഞാൽ അവരുടെ ഉള്ളിലെ ദുഷിപ്പുകൾ നമ്മിലേക്കും പടരും. അതിനാൽ അത്തരം വാക്കുകളെ അവഗണിച്ചു കളയുക. അല്ലാതെ നമ്മൾ അതേറ്റു പിടിച്ചാൽ നാം അവരേക്കാൾ നിന്ദ്യരും നികൃഷ്ടരുമായിത്തീരും.”
ആ വാക്കുകൾ കേട്ടപ്പോഴാണ് ആ അനുയായിക്ക് അദ്ദേഹത്തിന്റെ ക്ഷമയുടെയും സഹനത്തിന്റെയും അർത്ഥവും ആഴവും മനസ്സിലായത്.
ജീവിതത്തിൽ ഇത് നമ്മിൽ പലർക്കും ഒരു പാഠമാണ്. മറ്റുള്ളവർ നമ്മുടെ നേർക്കയക്കുന്ന നെഗറ്റിവായതൊന്നും നാം ഉള്ളിലേക്കെടുക്കരുത്. അങ്ങനെ ചെയ്താൽ അത് നമുക്കുള്ളിലെ എല്ലാ പോസിറ്റിവിറ്റീസും ചോർത്തിക്കളയും. മറ്റുള്ളവർ നമ്മുടെ നേർക്ക് പ്രയോഗിക്കുന്ന മോശം വാക്കുകൾക്കെല്ലാം നമ്മൾ പ്രതികരിക്കാനും മറുപടി പറയാനും മുതിർന്നാൽ അത് നമ്മളും അവരുടെ നിലവാരത്തിലേക്ക് സ്വയം താഴ്ത്തപ്പെടാനിടയാകും. അതിനാൽ നമുക്ക് ചുറ്റിലുമുള്ളതിൽ നിന്ന് നെഗറ്റീവായ യാതൊന്നും നമ്മുടെ ശരീരത്തിലേക്ക് പടരാതെ സൂക്ഷിക്കുക. നല്ലതിനെ മാത്രം സ്വീകരിക്കുക….
Add comment