ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു സംഭവകഥയാണ് ഇനി
പറയാൻ പോകുന്നത്.
അമേരിക്കയിലെ ഒരു റെയിൽവേ ട്രാക്കിൽ കുറേ തൊഴിലാളികൾ
ചേർന്ന് പുതിയ റെയിൽ ബെഡ് നിർമ്മിക്കുന്ന ജോലിയിൽ
മുഴുകിയിരിക്കുകയായിരുന്നു. ചുട്ടു പൊള്ളുന്ന പൊരിവെയിലത്ത്
നിന്ന് മരം കൊണ്ടുള്ള പഴയ സ്ലാബുകൾക്ക് പകരം പുതിയ
കോൺക്രീറ്റ് സ്ലാബുകൾ പാകുകയായിരുന്ന അവരെ കടന്നു
പോകുകയായിരുന്ന ഒരു സ്പെഷ്യൽ തീവണ്ടി പെട്ടെന്ന് അവർക്ക്
മുന്നിൽ പതിയെ ബ്രേക്കിട്ടു നിന്നു. പിന്നെ അതിന്റെ ഏറ്റവും
പുറകിലെ ഏസി കൂപ്പെയിൽ നിന്ന് കുലീനമായി വസ്ത്രം ധരിച്ച ഒരാൾ
തലപുറത്തേക്കിട്ടു കൊണ്ട് ഉറക്കെ ചോദിച്ചു.
;ഡേവ്…. ഡേവ് ആൻഡേഴ്സൺ അല്ലേ അത്?
ഉടനെ തൊഴിലാളികൾക്കിടയിൽ നിന്ന് അവരുടെ
സൂപ്പർവൈസർമാരിലൊരാൾ മുമ്പോട്ട് വന്നുകൊണ്ട് പറഞ്ഞു.
;അതേ ജിം. ഇത് ഞാൻ തന്നെയാണ്.
അതു കേട്ടതും തീവണ്ടിയുടെ വാതിൽക്കലെത്തി നിറഞ്ഞ ചിരിയോടെ
പുറത്തേക്ക് കൈനീട്ടിക്കൊണ്ട് ആ മനുഷ്യൻ പറഞ്ഞു.
ഡേവ്… ഇങ്ങോട്ട് കയറി വാ. എത്ര കാലമായി നിന്നെ കണ്ടിട്ട്.
കുറേയേറെ കാര്യങ്ങൾ പറയാനുണ്ട്.
അദ്ദേഹം ഡേവിനെ തന്റെ എയർ കണ്ടീഷൻഡ് കൂപ്പേക്കകത്തേക്ക്
കൈപിടിച്ച് കയറ്റി.
തുടർന്ന് ട്രെയിൻ മുമ്പോട്ട് നീങ്ങുത്തുടങ്ങുകയും ചെയ്തു.
ഡേവിനോടൊപ്പം ജോലി ചെയ്തിരുന്ന മറ്റു തൊഴിലാളികളെല്ലാവരും
അമ്പരന്നു നിന്നു. ആരാണപ്പാ അത്? എവിടേക്കാണയാൾ ഞങ്ങളുടെ
ഡേവിനെ കൊണ്ടുപോയത്?
അടുത്ത് ദിവസം രാവിലെ ഡേവ് ആൻഡേർസൺ വീണ്ടും ജോലിക്ക്
ഹാജരായപ്പോൾ തൊഴിലാളികളെല്ലാവരും കൂടി അദ്ദേഹത്തെ വളഞ്ഞു
കൊണ്ട് ആകാംക്ഷയോടെ ചോദിച്ചു.
ആരാണ് ഇന്നലെ ആ സ്പെഷ്യൽ ട്രെയിനിന്റെ ഏസി കൂപ്പെയിൽ
ഉണ്ടായിരുന്നയാൾ?
ഓ.. അതോ. അത് ജിം മർഫി. അമേരിക്കൻ റെയിൽ റോഡ്സിന്റെ
ഇപ്പോഴത്തെ ചെയർമാനാണ്. ഡേവ് മറുപടി പറഞ്ഞു.
അത് കേട്ടതും ചുറ്റിലുമുള്ളവരെല്ലാം അന്തം വിട്ടു നിന്നു പോയി.
തങ്ങളുടെയെല്ലാം ബഡാ ബോസാണ് തലേന്ന് കണ്ടയാൾ എന്നറിഞ്ഞതും
പലർക്കും തലകറങ്ങിപ്പോയി.
നിങ്ങൾ തമ്മിലെങ്ങനെയാണ് പരിചയം?ഒരാൾ ചോദിച്ചു. ഇത്രയും
വലിയ പദവിയിലുള്ള ഒരാൾ എന്തിനാണ് താങ്കളെ കണ്ടതും ട്രെയിൻ
നിർത്തിച്ച് താങ്കളെ തന്റെ ഏസി കൂപ്പെയിലേക്ക് ആനയിച്ചു
കൊണ്ടു പോയത്?
ഡേവ് അതു കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ഞാനും ജിമ്മും ഒരേ ദിവസമാണ് അമേരിക്കൻ
റെയിൽ റോഡ്സിൽ ട്രാക്ക്മാന്മാരായി ജോലിക്ക് ചേർന്നത്. അന്നു
തൊട്ടേ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷെ അദ്ദേഹം റെയിൽ
റോഡ്സിന്റെ ചെയർമാനായ ശേഷം ഞങ്ങൾ തമ്മിൽ
കണ്ടിട്ടില്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് ഞങ്ങൾ
തമ്മിൽ കണ്ടുമുട്ടുന്നത്.
ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ തൊഴിലാളികളുടെ ആകാംക്ഷ പിന്നെയും
വർദ്ധിക്കുകയാണ് ചെയ്തത്. അത് മറച്ചുവെക്കാതെ അവരിലൊരാൾ
ചോദിച്ചു.
നിങ്ങൾ ഇരുവരും ഒരേ ദിവസമാണ് ഇവിടെ ട്രാക്ക് മാന്മാരായി
ജോലിക്ക് ചേർന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ? പിന്നെ എങ്ങനെയാണ്
അദ്ദേഹം റെയിൽ റോഡ്സിന്റെ ചെയർ മാനായി ഏസി കൂപ്പെയിൽ
യാത്ര ചെയ്യുമ്പോൾ, താങ്കൾ മാത്രമിപ്പോഴും സൂപ്പർവൈസറായി
ഇങ്ങനെ വെയിലത്ത് നിന്ന് പണിയെടുക്കുന്നത്.
അത് കേട്ട് ഡേവ് ഉറക്കെ ചിരിച്ചു പോയി. പിന്നെ ഒരു അവധൂതനെ
പോലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
;അതൊ..? അത്…. ഞാൻ ജോലി ചെയ്തത് എനിക്കന്ന് കിട്ടിയിരുന്ന
മണിക്കൂറിന് ഒന്നേമുക്കാൽ ഡോളർ വേതനത്തിന് വേണ്ടിയായിരുന്നു.
പക്ഷെ ജിം ജോലി ചെയ്തത് അമേരിക്കൻ റെയിൽ റോഡ്സിന്
വേണ്ടിയാണ്. എനിക്ക് ജോലി ചെയ്യാനുള്ള പ്രചോദനം പണവും,
അമേരിക്കൻ റെയിൽ റോഡ്സിന് ഞാൻ നൽകിയിരുന്ന സേവനം അതിന്റെ ബൈപ്രൊഡക്റ്റുമായിരുന്നു. എന്നാൽ ജിമ്മിനെ
സംബന്ധിച്ചിടത്തോളം അമേരിക്കൻ റെയിൽ റോഡ്സിനുവേണ്ടി
പണിയെടുക്കുക എന്നതായിരുന്നു പ്രചോദനം. പണം എന്നത് അതിന്റെ
ഒരു ബൈപ്രൊഡക്റ്റ് മാത്രമായിരുന്നു. അത് തന്നെ കാരണം….
ചുറ്റിലുമുള്ളവർ ആ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് ആലോചിച്ചു
നിൽക്കെ ഡേവ് തന്റെ കർത്തവ്യത്തിലേക്ക് നടന്നു നീങ്ങി.
ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ ഗുണപാഠമുണ്ട്.
നാം ജോലി ചെയ്യുന്നത് ഒരിക്കലും ശമ്പളത്തിന് വേണ്ടി മാത്രമാകരുത്.
നാം ജോലി ചെയ്യുന്ന കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ
വളർച്ചക്ക് വേണ്ടി കൂടിയാകണം. അങ്ങനെ ചെയ്താൽ
കമ്പനിക്കുണ്ടാകുന്ന വളർച്ചയുടെ ആനുപാതികമായ വളർച്ച
നമുക്കുമുണ്ടാകും. പണം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ അത്
നാം ചെയ്യുന്ന ജോലിയിലും പ്രതിഫലിക്കും. നമ്മുടെ
പ്രവർത്തനക്ഷമതയെയും അത് ബാധിക്കും. അത് നമ്മുടെ തുടർന്നുള്ള
വളർച്ചയെ പോലും മുരടിപ്പിക്കും. നേരെ മറിച്ച് ജോലി ചെയ്യുന്ന
കമ്പനിക്കോ സ്ഥാാനത്തിനോ വേണ്ടി നാം സ്വയം സമർപ്പിച്ചു കൊണ്ട്
പ്രവർത്തിക്കുമ്പോൾ ആ സ്ഥാപനവും അത് വഴി നമ്മളും വളർന്നു
കൊണ്ടേയിരിക്കും. അത് നമ്മെ ആ കമ്പനിയുടെ തലപ്പത്തേക്ക് വരെ
ഉയർത്തിക്കൊണ്ടുപോകും.
കഠിനാധ്വാനവും അർപ്പണബോധവുമാണ് ഏതൊരു വിജയത്തിന്റെയും ആധാരശില. അതിനാൽ ആത്മാർപ്പണമാകട്ടെ നിങ്ങളുടെ പ്രധാന ലക്ഷ്യം. പണം അതിന്റെ ഉപോൽപ്പന്നം മാത്രമാകട്ടെ…
Add comment