നിങ്ങൾ മറ്റുള്ളവരെക്കുറിച്ച്‌ എന്ത്‌ ചിന്തിക്കുന്നുവോ അതാണ്‌ നിങ്ങൾ?

ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോട്‌ ചോദിച്ചു.

“ഗുരുവേ, ഞാൻ അങ്ങയെ എങ്ങനെയാണ്‌ കാണേണ്ടത് ? ഗുരുവായോ, അദ്ധ്യാപകനായോ, യജമാനനായോ, പ്രബോധകനായോ, സതീർത്ഥ്യനായോ, പിതാവായോ, അതോ ദൈവമായോ?”

സൗമ്യമായ ഒരു പുഞ്ചിരിയോട്‌ കൂടി ഗുരു ഇങ്ങനെ പ്രതിവചിച്ചു.

“എന്നെ ഒരു ഗുരുവായി കണ്ടാൽ നീ ഒരു നല്ല ശിഷ്യനാകും. അദ്ധ്യാപകനായി കണ്ടാൽ നീ ഒരു നല്ല വിദ്യാർത്ഥിയാകും. യജമാനനായി കണ്ടാൽ നീ ഒരു നല്ല ഭൃത്യനാകും. നീ എന്നെ ഒരു പ്രബോധകനായി കണ്ടാൽ നീ ഒരു നല്ല ശ്രോതാവാകും. സതീർത്ഥ്യനായി കണ്ടാൽ നീ ഒരു നല്ല സുഹൃത്താകും, പിതാവായി കണ്ടാൽ നീ നല്ലൊരു മകനാകും. നീ എന്നെ ദൈവമായി കണ്ടാൽ നീ നല്ലൊരു ഭക്തനാകും.”

ശിഷ്യന്റെ അത്ഭുതം കൊണ്ട്‌ വിടർന്ന കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ അദ്ദേഹം തുടർന്നു.

“നീ എന്നെ ഏത്‌ രീതിയിൽ കണ്ടാലും എന്നിൽ അത്‌ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. പക്ഷെ, അത്‌ തീർച്ചയായും നിന്നിൽ മാറ്റമുണ്ടാക്കും. നാളെ നീ ആരായിത്തീരും എന്നത്‌ ഇന്ന് നീ എന്നെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.”

ഈ ഭൂമിയിലുള്ള ഏതൊന്നിനെയും കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം, നമ്മുടെ ചിന്താഗതിയുടെയും മനോഭാവത്തിന്റെയും കൂടി വ്യാഖ്യാനമാണ്‌. ആ വസ്തുവിന്റെയോ വ്യക്തിയുടെയോ ധർമ്മത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയാണ്‌ അവിടെ പ്രതിഫലിക്കുന്നത്‌.

പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ മഹത്രെയ തന്റെ ഒരു പ്രഭാഷണത്തിൽ പറയുന്നു.

“ദശരഥ രാജാവ്‌ ശ്രീരാമനിൽ ഒരു മകനെ കണ്ടു. അതിനാൽ അദ്ദേഹം ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും പുത്രവത്സലനായ ഒരു പിതാവായി മാറി. ആ മകനെ പിരിയേണ്ടി വന്നപ്പോൾ ആ ശ്രേഷ്ടപിതാവ്‌ ജീവൻ വെടിഞ്ഞു.

സീത രാമനിൽ നല്ലൊരു ഭർത്താവിനെ കണ്ടു. അതുകൊണ്ട്‌ അവൾ പാതിവ്രത്യത്തിന്റെ പുണ്യപ്രതിരൂപമായി മാറി.

ലക്ഷ്മണൻ രാമനിൽ നല്ലൊരു സഹോദരനെ കണ്ടു. അതുകൊണ്ട്‌ തന്നെ ലക്ഷ്മണൻ സഹോദരസ്നേഹത്തിന്റെ ഉദാത്ത ബിംബമായി.

രാവണൻ ശ്രീരാമനിൽ ഒരു ശത്രുവിനെയാണ്‌ കണ്ടത്‌. അത്‌ തന്നെ അയാളുടെ സർവ്വനാശത്തിന്‌ കാരണമായി.

എന്നാൽ ഹനുമാൻ എന്ന് പേരുള്ള ഒരു കുരങ്ങൻ മാത്രം ശ്രീരാമനെ ദൈവമായി കണ്ടു. അതു കൊണ്ട്‌ തന്നെ പിന്നീട്‌ ആ കുരങ്ങനും ദൈവമായി മാറി.

നിങ്ങളുടെ ചിന്തകളാണ്‌ നിങ്ങളെ നിർണ്ണയിക്കുന്നത്‌. ഉയർന്ന ചിന്തകൾ ഒരു വാനരനെപ്പോലും ദൈവമാക്കും.”

ഇത്‌ പോലെത്തന്നെയാണ്‌ സഹജീവികളൊടുള്ള നമ്മുടെ മനോഭാവവും. നമുക്കവരിലെ നന്മ മാത്രം കാണാൻ സാധിച്ചാൽ അത്‌ നമ്മുടെയുള്ളിലെ നന്മയുടെ മഹത്വം കൊണ്ടാണ്‌. നമുക്കവരിലെ തിന്മ മാത്രമാണ്‌ കാണാൻ സാധിക്കുന്നതെങ്കിൽ അത്‌ നമ്മുടെയുള്ളിലെ തിന്മയുടെ ആധിക്യം കൊണ്ടുമാണ്‌.

അതിനാൽ ഏത്‌ വസ്തുവിലും ഏത്‌ വ്യക്തിയിലും നന്മ മാത്രം കണ്ടെത്തുക. നല്ലത്‌ മാത്രം ചിന്തിക്കുക. നല്ലതിനുവേണ്ടി മാത്രം പ്രവർത്തിക്കുക.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

1 comment

Your Header Sidebar area is currently empty. Hurry up and add some widgets.