ന്യൂയോർക്കിലെ ഒരു ഇടത്തരം ആർട്ട് ഡീലറായിരുന്നു ‘അമേരിക്കൻ റോയൽ ആർട്സ് (American Royal Arts)’ എന്ന കമ്പനിയുടെ ഉടമയും കലാസ്വാദകനുമായ ജെറി ഗ്ലാഡ്സ്റ്റോൺ (Jerry Gladstone). Warner Brothers, Hanna Barbera പോലുള്ള ചില സ്റ്റുഡിയോകളുടെ ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള ലൈസൻസ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു ഡിസ്നി കമ്പനിയുടെ ലൈസൻസ് സ്വന്തമാക്കുക എന്നത്. ഡിസ്നിയുടെ ആർട്ടുകൾ കൂടി കൈകാര്യം ചെയ്തു തുടങ്ങിയാലേ താൻ ആഗ്രഹിക്കുന്ന ഒരു തലത്തിലേക്ക് തന്റെ ബിസിനസിനെ വളർത്തിക്കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
അതിനായി മൂന്ന് വർഷത്തോളം പല തവണ ഡിസ്നി കമ്പനിക്ക് എഴുത്തുകൾ അയച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. ജെറിയെ പോലുള്ള ഒരു ചെറിയ ആർട്ട് ഡീലർക്ക് തങ്ങളുടെ ലൈസൻസ് നൽകാൻ ഡിസ്നി ഒട്ടും താല്പര്യം കാണിച്ചില്ല. അദ്ദേഹത്തിന്റെ ഓരോ എഴുത്തുകൾക്കും തിരികെ ലഭിച്ചത് റിജക്ഷൻ ലെറ്ററുകളായിരുന്നു. എന്നിട്ടും അദ്ദേഹം നിരന്തരമായി അവരെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു.
കത്തുകൾ കൊണ്ട് ഫലമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞ ജെറി പിന്നീട് അവരെ ഫോൺ മാർഗ്ഗം ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴും ഫലം തദൈവ. ഒരിക്കൽ ഡിസ്നിയിലെ ഒരു എക്സിക്യൂട്ടീവ് അദ്ദേഹത്തോട് അറുത്തു മുറിച്ച് പറഞ്ഞു – “നിങ്ങൾക്ക് ഒരു കാലത്തും ഡിസ്നിയുടെ ലൈസൻസ് കിട്ടാൻ പോകുന്നില്ല.”
അത് മാത്രം മതിയായിരുന്നു ഏതൊരാൾക്കും ആ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ….
പക്ഷെ ജെറി ഗ്ലാഡ്സ്റ്റോൺ പിന്മാറിയില്ല. അദ്ദേഹം ഡിസ്നിയിലെ ഓരോ എക്സിക്യൂട്ടീവിനെയും മാറി മാറി വിളിച്ചുകൊണ്ടേയിരുന്നു. അവസാനം ജെറിയെക്കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അദ്ദേഹത്തെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അവരിലൊരാൾ പറഞ്ഞു.
“ശരി. നിങ്ങൾക്ക് ഞങ്ങൾ ലൈസൻസ് തരാം. പക്ഷെ ഞങ്ങൾ പറയുന്ന രണ്ടിലേതെങ്കിലും ഒരു സ്ഥലത്ത് വേണം ആർട്ട് ഗാലറി തുടങ്ങാൻ.”
ജെറി സമ്മതിച്ചു. ആ എക്സിക്യൂട്ടീവ് ആ രണ്ട് സ്ഥലങ്ങളുടെ പേര് പറഞ്ഞു. മിനിസോട്ട അല്ലെങ്കിൽ മസാച്ചുസെറ്റ്സ്…!
ന്യൂയോർക്ക് മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചെറുകിട ആർട്ട് ഡീലറായിരുന്നു ജെറി. മിനിസോട്ട, മസാച്ചുസെറ്റ്സ് പോലെയുള്ള ദൂരസ്ഥലങ്ങളിൽ ആർട്ട് ഗാലറി തുടങ്ങാൻ അദ്ദേഹത്തിന് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പത്തിമടക്കും എന്നായിരുന്നു ആ എക്സിക്യൂട്ടീവിന്റെ കണക്കുകൂട്ടൽ.
പക്ഷെ ജെറി ഗ്ലാഡ്സ്റ്റോൺ ആരാ മോൻ..? അടുത്ത ദിവസം തന്നെ അദ്ദേഹം മസാച്യുസെറ്റ്സിന്റെ ഭാഗമായ ബോസ്റ്റണിലേക്ക് പറന്നു. എന്നിട്ട് അവിടുത്തെ ന്യൂബറി സ്ട്രീറ്റിൽ ഒരു നല്ല പ്ലോട്ട് കണ്ടെത്തി അതിന്റെ ലീസിംഗ് സംബന്ധമായ ജോലികളെല്ലാം പൂർത്തിയാക്കി. പിന്നെ അദ്ദേഹം ഡിസ്നിയിലെ ആ എക്സിക്യൂട്ടീവിനെ വിളിച്ച് കാര്യം പറഞ്ഞു. ലീസ് അഗ്രിമെന്റിന്റെ കോപ്പിയും അയച്ചുകൊടുത്തു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അമ്പരപ്പിലാണ്ടുപോയ ആ എക്സിക്യൂട്ടീവ് അദ്ദേഹത്തോട് പ്രതിവചിച്ചത് ഇപ്രകാരമാണ്.
“മിസ്റ്റർ ജെറി ഗ്ലാഡ് സ്റ്റോൺ. ഒറ്റ ദിവസം കൊണ്ട് നിങ്ങൾ ഇത്രയും കാര്യങ്ങൾ ചെയ്തു തീർത്തെങ്കിൽ നിങ്ങളൊരു മഹാസംഭവം തന്നെ..!! ഇനി എനിക്കൊന്നും പറയാനില്ല. ഡിസ്നിയുടെ ലൈസൻസിന് എല്ലാം കൊണ്ടും അർഹനാണ് താങ്കൾ…”
ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഡിസ്നി ആർട്ട് വർക്കുകളുടെ ഒരു അപൂർവ്വ ശേഖരവുമായി ഒരു പുതിയ ആർട്ട് ഗാലറി ബോസ്റ്റണിൽ തുറക്കപ്പെട്ടു. ജെറി ഗ്ലാഡ് സ്റ്റോൺ ആയിരുന്നു അതിന്റെ ഉടമയും പ്രധാന ക്യൂറേറ്ററും. ഒരു വർഷത്തിനുള്ളിൽ തന്റെ ന്യൂയോർക്കിലെ സ്റ്റോർ വഴിയും ഡിസ്നി ആർട്ടുകൾ വിൽക്കാനുള്ള ലൈസൻസ് അദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ജെറി ഡിസ്നി ചിത്രങ്ങളുടെ ഒരു പ്രധാന പ്രദര്ശകനും വില്പനക്കാരനുമാണ്. ലക്ഷക്കണക്കിന് ഡോളറിന്റെ ഡിസ്നി ആർട്ടുകൾ അദ്ദേഹം ഇതിനോടകം വിറ്റു കഴിഞ്ഞു. മാത്രമല്ല, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിസ്നി ആനിമേഷൻ ആർട്ടുകൾ വിൽക്കുന്ന ആർട്ട് ഡീലർ കൂടിയാണ് ജെറി ഗ്ലാഡ് സ്റ്റോൺ.
ആദ്യഘട്ടങ്ങളിലെല്ലാം ജെറി നേരിട്ടത് തിരസ്കാരങ്ങൾ മാത്രമായിരുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ ആദ്യ തിരസ്കാരത്തിൽ തന്നെ പിന്മാറാമായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ശ്രമത്തിന് ശേഷം പിന്മാറാമായിരുന്നു. പക്ഷെ അദ്ദേഹം പിന്മാറാമാറിയില്ല. നീണ്ട മൂന്ന് വർഷങ്ങൾ അദ്ദേഹം ആ തിരസ്കാരങ്ങളോട് മല്ലിട്ട് മല്ലിട്ട് അവസാനം താൻ ആഗ്രഹിച്ചത് നേടിയെടുക്കുക തന്നെ ചെയ്തു. ഇതിനെയാണ് നാം Persistence എന്നും Perseverance എന്നുമൊക്കെ വിളിക്കുന്നത്.
ജീവിതത്തിൽ തിരസ്കാരങ്ങളുണ്ടാകാം. അവിടെ മനസ്സ് തളരുകയല്ല. പൂർവ്വാധികം ശക്തിയോടെ മുമ്പോട്ട് കുതിക്കുകയാണ് വേണ്ടത്. കാരണം തിരസ്കാരങ്ങളാണ് പുരസ്കാരങ്ങളിലേക്കുള്ള ചവിട്ടുപടികൾ….
Add comment