പരാജയത്തിന്റെ ഇരട്ടിമധുരം

ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയത്തിന്റെ കയ്പ്പ്‌
രുചിക്കാത്തവരായി ആരുമുണ്ടാകില്ല. കോടീശ്വരന്മാരായ
ബിസിനസ്സുകാർ മുതൽ തെരുവിലലയുന്ന ഭിക്ഷാംദേഹികൾ വരെ
എല്ലാവരും ജീവിതത്തിൽ പരാജയപ്പെട്ടിട്ടുള്ളവരാണ്‌. എന്നിട്ടും
എങ്ങനെയാണ്‌ ചിലർ മാത്രം കോടീശ്വരന്മാരും മറ്റു ചിലർ
ഭിക്ഷാംദേഹികളുമായിത്തീരുന്നത്‌?

ഈ ചോദ്യത്തിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്‌ ഒരേ ഒരു
ബിന്ദുവിലാണ്‌ – മനോഭാവം (Attitude). ഒരു വിഷയത്തോടുള്ള നമ്മുടെസമീപന രീതിയെയാണ്‌ നാം മനോഭാവം എന്ന് പറയുന്നത്‌.

ജീവിതത്തിൽ പരാജയങ്ങൾ സംഭവിക്കുമ്പോൾ നാം അതിനെ  എങ്ങനെ എടുക്കുന്നു
എന്നതിനെ ആശ്രയിച്ചാണ്‌ അത്‌ നമ്മെ എവിടെ കൊണ്ടെത്തിക്കുന്നു
എന്നതിനുള്ള ഉത്തരം കിടക്കുന്നത്‌. പരാജയത്തെ
വെല്ലുവിളിച്ചുകൊണ്ട്‌ മുമ്പോട്ട്‌ പോകുന്നവർ പിന്നീട്‌ വിജയം
കൈവരിക്കുകയും കോടീശ്വരന്മായിത്തീരുകയും ചെയ്യുന്നു. എന്നാൽ
പരാജയങ്ങളിൽ അടിപതറിപ്പോകുന്നവർ നിലതെറ്റി വീണ്‌ ആ
തോൽവികൾക്ക്‌ വിഴുങ്ങാൻ സ്വയം നിന്നുകൊടുക്കുന്നു.

“Life is 10 percent what happens to you and 90 percent how you reacts” എന്ന് ഒരു
തത്വചിന്തകൻ പറഞ്ഞത്‌ വളരെ ശരിയാണ്‌. ജീവിതത്തിൽ നമുക്ക്‌
സംഭവിക്കുന്ന കാര്യങ്ങളെ അവ അർഹിക്കുന്ന ഗൗരവത്തോടെ മാത്രം
സ്വീകരിക്കാനും പുറം തള്ളാനുമുള്ള കഴിവാണ്‌ നമുക്ക്‌ ആദ്യം
വേണ്ടത്‌. പ്രതിസന്ധികളോട്‌ നാം ഏത്‌ വിധത്തിൽ സന്ധി ചെയ്യുന്നു
എന്നതിനെ ആശ്രയിച്ചാണ്‌ നമ്മുടെ തുടർന്നുള്ള പ്രയാണത്തിന്റെ ഗതി
നിർണ്ണയിക്കപ്പെടുന്നത്‌. Attitude determines your Altitude എന്ന് കേട്ടിട്ടില്ലേ?

കാലിഫൊർണ്ണിയയിൽ ജനിച്ചു വളർന്ന ബെഞ്ചമിൻ റോൾ (Benjamin Roll)
1990ൽ തന്റെ 67 ആമത്തെ വയസ്സിലാണ്‌ നിയമ ബിരുദം നേടിയത്‌.
പക്ഷെ അദ്ദേഹത്തിന്‌ വക്കീലായി പ്രാക്ടീസ്‌ ചെയ്യണമെങ്കിൽ
കാലിഫൊർണ്ണിയ ബാർ അസോസിയേഷന്റെ ഒരു യോഗ്യതാ പരീക്ഷ
എഴുതിയെടുക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം ആ പരീക്ഷ എഴുതാൻ
തീരുമാനിച്ചു. ആദ്യത്തെ തവണ അദ്ദേഹം പരാജയപ്പെട്ടു. വീണ്ടും
എഴുതി. പക്ഷെ ഇത്തവണയും അദ്ദേഹം പരാജയപ്പെട്ടു. വീണ്ടും
എഴുതി. മൂന്നാം തവണയും അദ്ദേഹം പരാജയപ്പെട്ടു. നാലാം തവണയും
അഞ്ചാം തവണയും ആറാം തവണയും ഏഴാം തവണയും എഴുതിയിട്ടും
അദ്ദേഹത്തിന്‌ വിജയിക്കാനായില്ല. എന്തിന്‌… വർഷത്തിൽ രണ്ടുതവണ
മാത്രം നടക്കുന്ന ആ പരീക്ഷ പതിമൂന്ന് തവണ എഴുതിയിട്ടും അദ്ദേഹത്തിന്‌ നിരാശ തന്നെയായിരുന്നു ഫലം. അപ്പോഴെക്കും
അദ്ദേഹത്തിന്‌ പ്രായം 73 ആയിക്കഴിഞ്ഞിരുന്നു.
ഇനിയും ഈ പണിക്ക്‌ നിൽക്കണോ? വയസ്സുകാലത്ത്‌ വീട്ടിൽ
അടങ്ങിയൊതുങ്ങിയിരുന്നാൽ പോരേ എന്നൊക്കെ പരിചയക്കാർ
ചോദിക്കാൻ തുടങ്ങി. പക്ഷെ ബെഞ്ചമിൻ റോൾ അതൊന്നും
ചെവിക്കൊണ്ടില്ല.
അദ്ദേഹം വീണ്ടും ആ പരീക്ഷയെഴുതി. പതിനാലാമത്തെ ആ ശ്രമത്തിൽ
അദ്ദേഹം വിജയിച്ചു…!! അങ്ങനെ 1997ൽ തന്റെ 74 ആമത്തെ വയസ്സിൽ
അദ്ദേഹം കാലിഫൊർണ്ണിയ ബാർ അസോസിയെഷനിലേക്ക്‌
തെരഞ്ഞെടുക്കപ്പെട്ടു…..

രണ്ട്‌ വലിയ സന്ദേശങ്ങളാണ്‌ ബെഞ്ചമിന്റെ ജീവിതം നമുക്ക്‌
പകർന്നു നൽകുന്നത്‌.
1. നേട്ടങ്ങൾ കൈവരിക്കാൻ, സ്വപ്നങ്ങൾ സഫലമാക്കാൻ പ്രായം ഒരു
തടസ്സമേയല്ല.
2. പരാജയങ്ങളിൽ തളരാതെയുള്ള നിരന്തരമായ പരിശ്രമം ഒരുദിനം
നമ്മെ വിജയത്തിൽ കൊണ്ടെത്തിക്കുക തന്നെ ചെയ്യും.

പരാജയങ്ങളെ സ്വീകരിക്കുവാൻ മനസ്സിനെ പാകപ്പെടുത്തുക. അപ്പോൾ
പരാജയം ഒരു ശിക്ഷയായി തോന്നുകയില്ല. പകരം അതൊരു പാഠമായി
തോന്നുകയേയുള്ളൂ. പരാജയത്തിന്റെ ഇരുണ്ട
ഗുഹാചത്വരങ്ങൾക്കൊടുവിൽ വിജയത്തിന്റെ തിരിവെട്ടം കത്തി
നിൽക്കുന്നുണ്ട്‌. നാം അവിടേക്ക്‌ നടന്നെത്തുകയേ വേണ്ടൂ. ആദ്യ
ശ്രമത്തിൽ തന്നെ ഉണ്ടാകുന്ന വിജയത്തിനെക്കാൾ പതിന്മടങ്ങ്‌
സുഖവും സന്തോഷവും പകരുന്നതാണ്‌ ഒട്ടേറെ തോൽവികൾക്കൊടുവിലുണ്ടാകുന്ന വിജയം.
അതുകൊണ്ട്‌ തോൽവികളിൽ അടിപതറാതെ മുമ്പോട്ട്‌ പോകുക. ഒരു
മഹാവിജയം നിങ്ങളെ കാത്തിരിക്കുന്നുണ്ട് …..

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.