പ്രായോഗിക ബുദ്ധി സുസ്ഥിര വിജയത്തിന്റെ സൂത്രവാക്യം

എൺപതുകളുടെ തുടക്കത്തിൽ കാമ്പും കാതലുമുള്ള ഒരു പിടി നല്ല ചിത്രങ്ങളിലൂടെ തമിഴ്‌ സിനിമയിൽ ഒരു പുതിയ ഭാവുകത്വം ചമച്ച സംവിധായകനാണ്‌ ഭാരതിരാജ. ഗ്രാമീണണതയുടെ ദൃശ്യഭംഗി തുടിക്കുന്ന, ചിന്തോദ്ദീപകമായ സന്ദേശങ്ങളുൾക്കൊള്ളുന്ന ഭാരതിരാജ ചിത്രങ്ങൾ സമൂഹികതിന്മകളുടെ നേർക്ക്‌ നീളുന്ന മൂർച്ചയേറിയ ഈർച്ചവാളുകൾ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ പിറവി കൊണ്ട പതിനാറ്‌ വയതിനിലേ, കിഴക്കേ പോകും റെയിൽ, വേദം പുതിത്‌ തുടങ്ങിയ ചിത്രങ്ങൾ ഒരേ സമയം തിയറ്ററുകൾ നിറഞ്ഞോടിയതിനൊപ്പം തമിഴ്‌ സിനിമക്ക്‌ പല വിശേഷപ്പെട്ട ബഹുമതികളും നേടിക്കൊടുത്തു. അങ്ങനെ തന്റെ അനിതരസാധാരണമായ സർഗ്ഗവൈഭവത്തിലൂടെ തമിഴ് ജനതയെ മുഴുവൻ ആശ്ചര്യത്തിലാഴ്ത്തിക്കൊണ്ടിരുന്ന ഭാരതിരാജ എന്ന സംവിധായകനെപ്പോലും അമ്പരപ്പിച്ചു കളഞ്ഞ ഒരാളെക്കുറിച്ചാണ്‌ നമ്മളിന്ന് പറയാൻ പോകുന്നത്‌.

ഭാരതിരാജ തന്റെ കരിയറിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുന്ന കാലത്ത്‌ ഒരിക്കൽ ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ കാണാൻ വന്നു. തന്റെ മനസ്സിലുള്ള ഒരു സിനിമാക്കഥ ഭാരതിരാജയെ പറഞ്ഞു കേൾപ്പിച്ച്‌ എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ടീമിൽ കയറിപ്പറ്റുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. നല്ല തിരക്കിലായിരുന്നതുകൊണ്ടും അപ്പോൾ കഥ കേൾക്കാൻ വലിയ താൽപര്യമില്ലാതിരുന്നത്‌ കൊണ്ടും എങ്ങനെയെങ്കിലും അയാളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭാരതിരാജ പറഞ്ഞു.

“നോക്കൂ. ഞാൻ നല്ല തിരക്കിലാണ്‌. നിങ്ങളുടെ കഥ മുഴുവൻ കേൾക്കാനുള്ള സമയമെനിക്കില്ല. അതു കൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ ഒരു മിനിട്ട്‌ സമയം തരാം. ആ ഒരു മിനിട്ടിനുള്ളിൽ ഒറ്റ വരിയിൽ ഒരു കഥ പറഞ്ഞ്‌ എന്നെ ഇംപ്രസ്‌ ചെയ്യാൻ നിങ്ങൾക്ക്‌ കഴിഞ്ഞാൽ നിങ്ങളെ ഞാനെന്റെ ടീമിലെടുക്കാം.”

ഒറ്റ വരിയിൽ ഒരു കഥയോ? ഇതെങ്ങനെ സാധിക്കും?

ആദ്യമൊന്നമ്പരന്നെങ്കിലും എന്തോ ഒരു ധൈര്യത്തിന്‌ പുറത്ത്‌ ആ ചെറുപ്പക്കാരൻ തലയാട്ടി സമ്മതമറിയിച്ചു.

“ശരി സാർ.”

“തീർന്നില്ല. ഒരു കണ്ടീഷൻ കൂടിയുണ്ട്‌.”

ഭാരതിരാജ പറഞ്ഞു. ഇനിയുമെന്ത്‌ കണ്ടീഷനാണോ വെക്കാൻ പോകുന്നതെന്ന ചോദ്യഭാവത്തിൽ തന്റെ മുന്നിൽ മിഴിച്ചു നിന്ന ആ ചെറുപ്പക്കാരനെ നോക്കി അദ്ദേഹം തുടർന്നു.

“ഇന്ന് തമിഴ്‌ സിനിമയിൽ ഏറ്റവും കൂടുതൽ മാർക്കറ്റുള്ളത്‌ മൂന്ന് സബ്ജക്റ്റുകൾക്കാണ്‌ – ഭക്തി, വിമൺ സെന്റിമന്റ്‌, സസ്പെൻസ്‌ ത്രില്ലർ. താൻ എന്നോട്‌ പറയാൻ പോകുന്ന ഒറ്റവരിക്കഥയിൽ ഈ മൂന്ന് എലമെന്റുകളും ഉണ്ടായിരിക്കണം.”

ഇതു കേട്ടതും ആ ചെറുപ്പക്കാരൻ ശരിക്കും ഞെട്ടിപ്പോയി.

അത്‌ വകവെക്കാതെ ഭാരതിരാജ തുടർന്നു.

“ഈ മൂന്ന് എലമെന്റുകളും ഉൾക്കൊള്ളിച്ച്‌ ഒറ്റവരിയിൽ ഒരു കഥ പറഞ്ഞ്‌ എന്നെ ഇംപ്രസ്‌ ചെയ്യാൻ നിനക്ക്‌ സാധിച്ചാൽ എന്റെ ഏറ്റവും അടുത്ത സിനിമയുടെ തിരക്കഥാകൃത്തും ചീഫ്‌ അസോസിയേറ്റും നീയായിരിക്കും.”

അവൻ ശരിക്കും വെള്ളം കുടിക്കുമെന്നും അവിടെ നിന്ന് കണ്ടം വഴി ഓടുമെന്നുമാണ്‌ അദ്ദേഹം കരുതിയത്‌. പക്ഷെ ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ ഒന്ന് മുരടനക്കി നിവർന്നു നിന്നുകൊണ്ട്‌ അയാൾ പറഞ്ഞു.

“എങ്കിൽ കഥ തുടങ്ങട്ടെ സാർ?”

“ഓ തുടങ്ങിക്കോ.”

ഒരു വെല്ലുവിളി പോലെ ഭാരതിരാജ തന്റെ ഇരിപ്പിടത്തിൽ ഒന്ന് ഞെളിഞ്ഞിരുന്നു.

അയാൾ കഥ പറഞ്ഞു തുടങ്ങി.

“അയ്യോ ദൈവമേ….. എന്നെ മാനഭംഗപ്പെടുത്തിയത്‌ ആരാണ്‌? കഥ തീർന്നു സാർ.”

ഇത്തവണ ഭാരതിരാജയാണ്‌ ഞെട്ടിയത്‌. അദ്ദേഹത്തിന്‌ ശരിക്കും വാക്കുകൾ മുട്ടിപ്പോയി.

താൻ ആവശ്യപ്പെട്ടത്‌ പോലെ അയാൾ ഒറ്റ വരിയിൽ കഥ പറഞ്ഞു തീർത്തു. ‘അയ്യോ ദൈവമേ’ എന്നതിൽ ഭക്തിയുണ്ട്‌, ‘മാനഭംഗപ്പെടുത്തുക’ എന്നതിൽ സ്ത്രീ സെന്റിമെന്റുണ്ട്‌, ‘ആരാണ്‌ ‘ എന്ന ചോദ്യത്തിൽ ഒരു സസ്പെൻസുമുണ്ട്‌.

ഇവൻ തന്നെ ശരിക്കും പെടുത്തിക്കളഞ്ഞു. മിടുക്കൻ…!!

“യു ആർ സെലക്ടഡ്‌….” സന്തോഷത്തോടെ അദ്ദേഹം അവന്റെ നേർക്ക്‌ പെരുവിരലുയർത്തിക്കൊണ്ട്‌ പറഞ്ഞു.

പറഞ്ഞത്‌ പോലെത്തന്നെ അദ്ദേഹം ആ ചെറുപ്പക്കാരനെ തന്റെ ചീഫ്‌ അസോസിയേറ്റാക്കുകയും അയാളുടെ കഥ സിനിമയാക്കുകയും ചെയ്തു.

അവസരത്തിനൊത്ത്‌ ബുദ്ധി പ്രയോഗിച്ച്‌ ഭാരതിരാജ എന്ന മഹാ സംവിധായകനെ വരെ വീഴ്ത്തിക്കളഞ്ഞ ആ ചെറുപ്പക്കാരൻ മറ്റാരുമല്ല. പിൽക്കാലത്ത്‌ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനും, തിരക്കഥയിലെ കിരീടം വെക്കാത്ത രാജാവും, തമിഴ്‌ സിനിമയിൽ തുടർച്ചയായി സൂപ്പർ ഹിറ്റുകളുടെ പെരുമഴതീർത്ത സംവിധായകനുമൊക്കെയായിത്തീർന്ന കെ. ഭാഗ്യരാജ്‌. സെക്കന്റുകൾക്കുള്ളിൽ ഒറ്റ വരിയിൽ എല്ലാ സക്സസ്‌ എലമെന്റുകളും സമംചേർത്തൊരു കഥയുണ്ടാക്കി ഭാരതിരാജയെപ്പോലും അമ്പരപ്പിച്ചു കളഞ്ഞ ആ മഹാപ്രതിഭയ്ക്ക്‌ പിൽക്കാലത്ത്‌ തമിഴ്‌ സിനിമാ ലോകം നൽകിയ ഒരു പേരുണ്ട്‌ – ‘തിരക്കതൈ മന്നൻ’…!!

പ്രായോഗിക ബുദ്ധിയാണ്‌ ഏതൊരു വ്യക്തിയുടെയും വിജയത്തിനുവേണ്ട ഒരു സുപ്രധാന ഘടകം. ഒരു പ്രതിസന്ധി ഘട്ടം മുന്നിൽ വന്നു നിന്നാൽ അതിനു മുന്നിൽ പകച്ചു നിൽക്കാതെ പ്രായോഗിക ബുദ്ധിയുപയോഗിച്ച്‌ അതിനെ നിങ്ങൾക്കനുകൂലമാക്കി മാറ്റിയാൽ  വിജയം സുനിശ്ചിതമാണെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ഒരു പക്ഷെ അന്ന് ഭാരതിരാജ മുൻപോട്ട്‌വെച്ച ഒറ്റനോട്ടത്തിൽ തികച്ചും അപ്രാപ്യമെന്ന് തോന്നാവുന്ന 3 നിബന്ധകൾ കേട്ട്‌ ഭാഗ്യരാജെന്ന ആ ചെറുപ്പക്കാരൻ ഭയന്നോടിയിരുന്നെങ്കിൽ ഇന്ന് തമിഴ്‌ സിനിമാലോകം മുഴുവൻ മുഴുമനസ്സോടെ ആദരിക്കുന്ന കെ. ഭാഗ്യരാജെന്ന ചലച്ചിത്രകാരൻ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ ഈ സൗഭാഗ്യങ്ങളൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഭാഗ്യരാജിനും ഉണ്ടാകുമായിരുന്നില്ല.

അതിനാൽ ഇനി മുതൽ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായാൽ അതിന്‌ മുന്നിൽ പകച്ചു നിൽക്കാതെ, പിന്തിരിഞ്ഞു നടക്കാതെ അതിനെ പ്രായോഗിക ബുദ്ധിയുപയോഗിച്ച്‌ നേരിടുക. അങ്ങനെ ചെയ്താൽ വിജയം നിങ്ങളുടേതായിരിക്കും….

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.