ബന്ധങ്ങൾ മാത്രമേ മനുഷ്യനെ വളർത്തുകയുള്ളൂ. ഞാൻ ആദ്യമായി മൊബൈൽ വാങ്ങുമ്പോൾ എന്റെ കോൺടാക്ട് ലിസ്റ്റിൽ വെറും 10 ഫോൺ നമ്പറേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് 5000 ത്തിൽ കൂടുതൽ കോൺടാക്ട്സ് ഉണ്ട്. എന്റെ ജീവിതം മാറ്റിമറച്ചത് ഇൗ 5000 പേരാണ്. അവരുമായിട്ടുള്ള ബന്ധം ഉണ്ടാക്കാനും അത് നിലനിർത്തുവാനും അറിയാം എന്നതുമാത്രമാണ് ജീവിതത്തിൽ എനിക്കുണ്ടായ കഴിവ് എന്നുപറയുന്നത്. ലോകത്തെന്തും നേടാൻ കഴിയുന്നത് ബന്ധങ്ങളിലൂടെയാണ്. അറിവ്, സമ്പത്ത്, അംഗീകാരം, പ്രശസ്തി ഇവയെല്ലാം നേടുന്നത് ബന്ധങ്ങളിലൂടെയാണ്.
ബന്ധങ്ങൾ ഉണ്ടാക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നത് ഒരു കഴിവാണ്. ആ കഴിവ് ആർക്കും ബോധപൂർവ്വം ഉണ്ടാക്കിയെടുക്കാവുന്നതാണ്.
പ്രധാനമായും 4 കാര്യങ്ങൾ ശ്രദ്ധിക്കുക വഴി നമുക്ക് ബന്ധങ്ങൾ തുടങ്ങുവാനും അത് നിലനിർത്തുവാനും സാധിക്കും.
1. Be Approachable
മറ്റുള്ളവർക്ക് നിങ്ങളോട് സമീപിക്കാൻ തോന്നുന്ന രീതിയിലുള്ളതാവണം നിങ്ങളുടെ പെരുമാറ്റം. അതാണ് ഒരു ബന്ധത്തിന്റെ തുടക്കം എന്ന് പറയുന്നത്. ഉദാ. നിങ്ങൾ ഒരു ബാങ്കിൽ പോകുന്നുവെന്നും അവിടെ 5 സ്റ്റാഫ് ഇരിക്കുന്നുവെന്നും കരുതുക. നിങ്ങൾക്ക് സമീപിക്കാൻ തോന്നുന്ന വിധത്തിൽ നല്ല ചിരിച്ചമുഖമായോ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നിങ്ങളോട് പെരുമാറുകയും ചെയ്യുന്ന വ്യക്തിയുടെ അടുത്തേക്കാവണം നിങ്ങൾ പോകുക. അങ്ങനെ ഒരു വ്യക്തിയാണ് അപ്രോച്ചെബിൾ പേഴ്സൺ എന്ന് പറയുന്നത്. രണ്ട് കാര്യങ്ങളാണ് അങ്ങനെ ആകർഷകമായ വ്യക്തിയാകുവാൻ വേണ്ടത്. ഒന്ന്, നല്ല ചിരിച്ചമുഖമായി ഇടപെടുക. കാരണം, ഒരു വ്യക്തിയോട് നമ്മൾ ചിരിച്ച് പെരുമാറുമ്പോൾ അയാളുമായി നല്ലൊരു സൗഹൃദം തുടങ്ങാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ്. രണ്ട്, ഒരു ഒാപൺ ബോഡി ലാഗ്വേജ് സ്വീകരിക്കുക. കാലുമ്മേൽകാലുകേറ്റി ഇരിക്കുക, കൈകെട്ടി ഇരിക്കുക ഇതെല്ലം ക്ലോസ്ഡ് ബോഡി ലാഗ്വേജാണ്. എന്നു വെച്ചാൽ സ്വീകരിക്കാൻ തയ്യാറല്ല എന്ന സൂചനയാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്.
2. Have Helping Attitude
നമുക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ല എന്നറിഞ്ഞിട്ടും ഒരാളെ ആത്മാർത്ഥമായി സഹായിക്കാൻ തയ്യാറാവുക എന്നത് ആ ബന്ധത്തിന്റെ വളർച്ചയെ സഹായിക്കും. ഒരു ഉദാഹരണം പറയാം. ഞാൻ എൽ.എെ.സിക്ക് ട്രെയിനിംഗ് കൊടുക്കാൻ പോയിക്കൊണ്ടിരുന്ന സമയത്ത്, എന്റെ ട്രെയ്നിങ്ങിൽ പങ്കെടുത്ത ഒരു വ്യക്തി ഒരു എൽ.എെ.സി. പോളിസി എടുക്കുവാൻ വേണ്ടി എന്നെ സമീപിച്ചു. എന്നാൽ അപ്പോൾ അങ്ങനെ ഒരു പോളിസി എടുക്കുന്നതിന്റെ ഒരു ആവശ്യകത എനിക്കുണ്ടായിരുന്നില്ല. ഞാൻ നല്ല രീതിയിൽ അദ്ധേഹത്തിനോട് അതിന്റെ കാരണം വെളിപ്പെടുത്തിയപ്പോൾ അദ്ധേഹത്തിന് ഒരു നീരസവും തോന്നാതെ അതിനോട് യോജിച്ചു. പോകുവാൻ നേരം, അദ്ദേഹം എന്നോട് ചോദിച്ചു “സാർ, ഇന്നുവരെ എടുത്ത ഏതെങ്കിലും പോളിസിയിൽ ലാപ്സ് വന്നിട്ടുണ്ടോ”. അങ്ങനെ ഉണ്ടെങ്കിൽ അതൊരു നഷ്ടമല്ലേ? ആ പോളിസിയുടെ ഡീറ്റെയിൽസ് എനിക്ക് നൽകിയാൽ ഞാൻ അതിന്റെ വിവരങ്ങൾ അന്വേഷിച്ച് അത് അടച്ചുതീർക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തുകൊള്ളാം”.
അപ്പോഴാണ് എനിക്ക് അങ്ങനെ ഒരു ലാപ്സ് വന്ന പോളിസിയുടെ കാര്യം ഒാർമ്മ വന്നത്. ഞാൻ അതിന്റെ ഡീറ്റെയിൽസ് എല്ലാം അദ്ദേഹത്തിന് കൊടുത്തു. അങ്ങനെ, അതിൽ പിഴവു വന്ന അടവുകൾ എല്ലാം അടച്ച് ആ പോളിസി എനിക്ക് ക്ലിയർ ചെയ്യുവാൻ സാധിച്ചു. അങ്ങനെ ഒരു സഹായം ചെയ്തതുകൊണ്ട് അദ്ദേഹത്തിന് ഒരു പ്രയോജനവും ഉണ്ടാകുമായിരുന്നില്ല എന്നിട്ടും എന്നെ സഹായിക്കുവാൻ അദ്ദേഹം തയ്യാറായി എന്നുള്ളതാണ് പ്രധാന കാര്യം. അങ്ങനെ ഒരു സഹായം അദ്ദേഹം എന്നോട് കാണിച്ചപ്പോൾ സ്വാഭാവികമായും അദ്ദേഹത്തോട് എനിക്കൊരു താൽപ്പര്യം ഉണ്ടായി. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും നാലോ അഞ്ചോ പോളിസികൾ എടുക്കുകയും ചെയ്തു. ഇൻഷുറൻസുമായി എന്ത് സംശയം ഉണ്ടായാലും ഞാൻ അദ്ദേഹത്തിനെ വിളിക്കാറുണ്ട്. അങ്ങനെ നല്ലൊരു ബന്ധം ഞങ്ങൾക്കിടയിലുണ്ടായി. ഇങ്ങനെ നമ്മളൊരാളെ സാഹായിക്കുമ്പോൾ ആ ബന്ധത്തിന് ഒരു ഉൗഷ്മളതയുണ്ടാകുകയാണ് ചെയ്യുന്നത്.
3. Be Assertive
പറയേണ്ട കാര്യങ്ങൾ പറയേണ്ട രീതിയിൽ പറയേണ്ട സമയത്ത് പറയുക എന്നതാണ്. “ഇല്ല” അല്ലെങ്കിൽ “വേണ്ട” എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞിരിക്കണം. അതായത്, മറ്റുള്ളവരെ വേദനിപ്പിക്കാതെയും, നമ്മളെ വേദനിപ്പിക്കാതെയും പറയാനുള്ള കാര്യങ്ങൾ മറ്റുള്ളവരോട് പറയുക എന്നുള്ളതാണ്. അങ്ങനെ ഉള്ളവർക്ക് ബന്ധങ്ങൾ നിലനിൽക്കും എന്നതാണ്.
4. Be Integrative
ജീവിതത്തിൽ സത്യസന്ധരാകുക എന്നതാണ്. അതായത്, നമ്മുടെ ചിന്തയും, വാക്കും പ്രവൃത്തിയും ഒന്നാവുക. മക്കളോട് നുണ പറയരുത് എന്ന് പറയുകയും അതേ മക്കളോട് നമ്മൾ നുണപറയുമ്പോൾ നമ്മൾ സത്യസന്ധരല്ലാതായിത്തീരുകയാണ് ചെയ്യുന്നത്. ഞാൻ വായിച്ചറിഞ്ഞതിൽ വെച്ച് ഏറ്റവും സത്യസന്ധനായ വ്യക്തി എന്നുപറയുന്നത് മഹാത്മാഗാന്ധിയാണ്. സത്യസന്ധത ഒരു ബന്ധത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ്.
watch video
ഇങ്ങനെ നാല് കാര്യങ്ങൾ ശ്രദ്ധിക്കുക വഴി നല്ല ബന്ധങ്ങൾ ഉണ്ടാകുകയും, നല്ല ബന്ധങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുകയും, ആ ബന്ധങ്ങൾ വഴി ജീവിതത്തിൽ ഉയർച്ചയുണ്ടാകുകയും ചെയ്യും.
Add comment