മറ്റുള്ളവർ എന്ത് ചിന്തിക്കും ? ഈ ചിന്ത നിങ്ങളെ അലട്ടുന്നുവോ?

ജീവിതത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ അല്ലെങ്കിൽ ഒരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ ഒരുപക്ഷെ നിങ്ങൾ പലരെയും അലട്ടുന്ന ഒരു ചോദ്യമാണ് മറ്റുള്ളവർ നമ്മളെക്കുറിച്ച് അല്ലെങ്കിൽ നമ്മളുടെ പ്രവൃത്തികളെക്കുറിച്ച് എന്ത് ചിന്തിക്കും എന്നുള്ളത്. സാധാരണ  മനസ്സിൽ ഉണ്ടാകുന്ന ഒരു ചോദ്യം എന്നതിനപ്പുറം ഭൂരിഭാഗത്തിനെയും ഈ ചിന്ത അലട്ടുന്നു അല്ലെങ്കിൽ സമ്മർദ്ദത്തിലാക്കുന്നു എന്നതാണ് വാസ്തവം.

എന്തുകൊണ്ട് ഇത്തരത്തിലുള്ള ചിന്ത ഒരാളിൽ ഉണ്ടാകുന്നു? ഒരുപക്ഷെ മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് വിധേയമാകാനുള്ള ഭയമായിരിക്കാം ,ഞാൻ ചെയ്യുന്നതെല്ലാം പെർഫെക്ട് ആയിരിക്കണമെന്നുള്ള ചിന്താഗതിയാവാം, നമ്മുടെ  തീരുമാനങ്ങൾ മറ്റുള്ളവർക്ക് ഇഷ്ട്ടമാകുമോ എന്ന ആശങ്കയാവാം .എന്തുകൊണ്ട് നാം നമ്മുടെ ചുറ്റുമുള്ളവരെ ഭയക്കുന്നു ? അല്ലെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്  അമിത പ്രാധാന്യം നൽകുന്നു ?

എന്തുകൊണ്ട് ?

നമ്മുടെ ചുറ്റുമുള്ളവർ നമ്മൾ ഇടപെടുന്നവർ എല്ലാവരും നമ്മുടെ വ്യക്തിത്വത്തെ അംഗീകരിക്കണം ,നമ്മുടെ തീരുമാനങ്ങൾ ബഹുമാനിക്കണം എന്നൊക്കെ നമ്മൾ ആഗ്രഹിക്കുന്നു .എല്ലാവരാലും ഇഷ്ട്ടപ്പെടുവാൻ അല്ലെങ്കിൽ സ്നേഹിക്കപ്പെടുവാൻ നാമോരോരുത്തരും  ആഗ്രഹിക്കുന്നു. നിങ്ങൾ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിങ്ങളെത്തന്നെയാണ് എന്നുള്ളതാണ് ഈ ചിന്തയുടെ അടിസ്ഥാനം. അതിനാൽത്തന്നെ നമ്മളേക്കാളുപരി നാം മറ്റുള്ളവർക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു . അവരുടെ വിമർശനങ്ങളെ എന്നും ഭയക്കുന്നു.

എങ്ങനെ ഈ ചിന്ത അപകടകരമാവുന്നു ?

നിങ്ങളുടെ ഈ ചിന്ത യഥാർത്ഥത്തിൽ നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു .മറ്റൊരാളുടെ അഭിപ്രായങ്ങളെ ഭയന്ന് നിങ്ങളുടെ ഉള്ളിലെ ചിന്തകളെയോ ആശയങ്ങളേയോ വിശ്വാസങ്ങളെയോ അതിൻറ്റെ തനതായ സ്വഭാവത്തിൽ പ്രകടിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നില്ല .സ്വന്തമായി  ഒരു തീരുമാനമെടുക്കുവാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. ജീവിതത്തിൽ വളരെ ചെറിയ തീരുമാനങ്ങൾ എടുക്കുന്നതിൽപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു.

ഇത് ഓരോതവണയും നിങ്ങളുടെ ആത്മവിശ്വാസത്തെയും സർഗ്ഗാത്മകതയെയും (creativity )ഇല്ലാതാക്കുന്നു. ജീവിതത്തിൽ മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചിന്തിക്കുന്നതിൽനിന്നോ പ്രവർത്തിക്കുന്നതിൽനിന്നോ മാനസികമായി നിങ്ങളെ വിലക്കുന്നു .അല്ലെങ്കിൽ സ്വയം തടവറയിലിടാൻ നിങ്ങളെത്തന്നെ പ്രേരിപ്പിക്കുന്നു.

എങ്ങനെ ഈ ചിന്തയിൽനിന്ന് മുക്‌തരാകാം ?

അതിരുകവിഞ്ഞ  ചിന്തയാണ് നാം ആദ്യം മാറ്റിയെടുക്കേണ്ടത്. എല്ലാവരും തന്നെയായാണ് ശ്രദ്ധിക്കുന്നത്  അല്ലെങ്കിൽ തന്നെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നുള്ളത് നിങ്ങളുടെ മിഥ്യാ ധാരണയാണ്. നിങ്ങൾ നിങ്ങളെക്കുറിച്ച്  ചിന്തിക്കുന്നതുപോലെതന്നെ നിങ്ങൾക്ക് ചുറ്റുമുള്ള ഓരോരുത്തരും  മനസ്സിൽ അവരവരുടേതായ  ഒരു വലിയ ലോകം കൊണ്ടുനടക്കുന്നവരാണ്. അതിനാൽത്തന്നെ നമുക്ക് ചുറ്റുമുള്ളവർ നമ്മളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നുള്ള ധാരണ ആദ്യം മാറ്റിയെടുക്കുക.

മറ്റുള്ളവരെ ഭയന്ന് മൂടിവെക്കപ്പെട്ടിരുന്ന നിങ്ങളുടെ കഴിവുകളും യഥാർത്ഥ വ്യക്തിത്വവും നല്ലരീതിയിൽ പാകപ്പെടുത്തുന്നതിനുള്ള അവസരമായി ഇനിയുള്ള ജീവിതത്തെ കാണുക. മടിച്ച് നിന്നിരുന്ന ഓരോ കാര്യവും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക. വളരെ ചെറിയ കാര്യങ്ങളിൽ നിങ്ങൾ തുടങ്ങിവെക്കുന്ന ഈ മാറ്റം മെല്ലെ വളർന്ന് നിങ്ങൾക്ക് ജീവിതത്തിൽ ഏത് വലിയ തീരുമാനം എടുക്കുന്നതിലും കരുത്ത് നൽകും .

നിങ്ങളെത്തന്നെ  വിശ്വസിക്കുക.

ഒരു വ്യക്തി യഥാർത്ഥത്തിൽ അയാൾക്ക്‌ ചുറ്റുമുള്ളവരെയല്ല തന്നെത്തന്നെയാണ് സംതൃപ്‌തിപ്പെടുത്തേണ്ടിവരിക എന്ന് തിരിച്ചറിയുക. ഓരോ ദിവസവും മറ്റുള്ളവരുടെ ഇഷ്ടങ്ങളെ പേടിച്ച് അവർക്കനുസൃതമായി ജീവിക്കുന്നതിന് പകരം തൻ്റെ വ്യക്തിത്വത്തിൽ വിശ്വാസമർപ്പിക്കുവാനും താൻ ശരിയെന്ന്  വിശ്വസിക്കുന്ന കാര്യങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുവാനും ബോധപൂർവ്വം ശ്രമിക്കുക. എല്ലാവരേയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ ഈ ലോകത്തിൽ ആർക്കും സാധിക്കില്ല എന്ന സത്യം തിരിച്ചറിയുക.വലിയൊരു മാറ്റത്തിലേക്കുള്ള തുടക്കം ഇന്ന്തന്നെ ആവട്ടെ.

 

 

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

10 comments

Your Header Sidebar area is currently empty. Hurry up and add some widgets.