വർഷം 1990. അമേരിക്കയിലെ ഇല്ലിനോയി എന്ന ചെറുപട്ടണത്തിൽ ചെറിയ രീതിയിൽ പ്രചോദക പ്രഭാഷണങ്ങളും പരിശീലന പരിപാടികളുമൊക്കെയായി നടന്നിരുന്ന ജാക്ക്, മാർക്ക് എന്നീ രണ്ട് ചെറുപ്പക്കാർ ചേർന്ന് ഒരു പുസ്തകമെഴുതാൻ തീരുമാനിച്ചു. മറ്റുള്ളവർക്ക് പ്രചോദനാത്മകമായ രീതിയിൽ ജീവിതം നയിക്കുന്ന തികച്ചും സാധാരണക്കാരായ കുറെ ആളുകളുടെ ജീവിത കഥ പറയുന്ന ഒരു കൊച്ചു പുസ്തകമായിരുന്നു അത്.
പുസ്തകരചന പൂർത്തിയാക്കിയാൽ ഏതാണ്ട് മൂന്ന് മാസം കൊണ്ട് അത് വായനക്കാരുടെ കൈകളിൽ എത്തിക്കാൻ സാധിക്കും എന്നായിരുന്നു അവർ കണക്കുകൂട്ടിയിരുന്നത്. കാരണം തങ്ങളുടെ പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അവർക്കത്ര വിശ്വാസമുണ്ടായിരുന്നു. പക്ഷെ അവർ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ.
അവർ ആദ്യം ചെന്നു കണ്ട പ്രസാധകൻ ആ പുസ്തകം തിരസ്കരിച്ചു.
രണ്ടാമത്തെ പ്രസാധകൻ അത് പുച്ഛിച്ചു തള്ളി.
മൂന്നാമത്തെയാൾ അവരെ നിഷ്കരുണം അവഹേളിച്ച് വിട്ടു.
നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും പ്രസാധകരും ഏതാണ്ട് അതെ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്.
അങ്ങനെ തുടർച്ചയായ 33 തിരസ്കാരങ്ങൾക്കും അവഗണകൾക്കും ശേഷം ഒരാൾ അവർക്ക് പച്ചക്കൊടി കാണിച്ചു. അമേരിക്കയിലെ എല്ലാ പ്രസാധകരും നിർദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞ ആ പുസ്തകം ഒടുവിൽ ഫ്ളോറിഡയിലുള്ള ഒരു ചെറിയ പുസ്തക കമ്പനി പ്രസാധനത്തിനെടുക്കാൻ തയ്യാറായി. അപ്പോഴേക്കും മൂന്ന് മാസങ്ങളല്ല, മൂന്ന് വർഷങ്ങൾ കടന്നു പോയിട്ടുണ്ടായിരുന്നു.
അങ്ങനെ 1993 ജൂൺ 28 ആം തിയതി ആ പുസ്തകം വിപണിയിലെത്തി. പിന്നീടുണ്ടായത് ചരിത്രമാണ്…!
Jack Canfield, Mark Victor Hansen എന്നീ രണ്ടുപേർ ചേർന്നെഴുതി ‘Chicken Soup for the Soul’ എന്ന് പേരിട്ട ആ പുസ്തകം അമേരിക്കയിൽ മാത്രമല്ല ലോകമെങ്ങും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 1993 മുതൽ 1996 വരെ തുടർച്ചയായി നാല് വര്ഷം അമേരിക്കയിലെ ഏറ്റവും വലിയ ബെസ്ററ് സെല്ലറായിരുന്നു അത്. ലോകമെമ്പാടും ഇതിന്റെ 30 മില്യൺ കോപ്പികളാണ് ഇന്നുവരെ വിറ്റഴിഞ്ഞത്. ഈ പുസ്തകത്തിന്റെ അസൂയാവഹമായ വിജയത്തെത്തുടർന്ന് ഇതിന്റെ തുടർഭാഗങ്ങൾ പുറത്തിറങ്ങുകയും ബെസ്ററ് സെല്ലർ ചാർട്ടിലിടം പിടിക്കുകയും ചെയ്തു. 2019ലെ കണക്കുകൾ പ്രകാരം ഈ ശ്രേണിയിൽ ഏതാണ്ട് 250 ലധികം പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ന് Chicken Soup for the Soul എന്നത് വെറും ഒരു പുസ്തകം മാത്രമല്ല, അമേരിക്കയിലെ കണക്ടികറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വൻകിട മീഡിയ കമ്പനി കൂടിയാണ്.
തോൽവി എന്നത് ഇരുളടഞ്ഞ ഒരു ഗുഹാന്തർഭാഗമല്ല. അത് പുതിയ വെളിച്ചത്തിലേക്ക് വഴിതുറക്കുന്ന വാതായനമാണ്. തുടർച്ചയായുള്ള പരാജയങ്ങൾ മികച്ച വിജയത്തിലേക്കുള്ള നടക്കല്ലുകളാണ്. ആദ്യ ശ്രമത്തിൽ തന്നെ ഉണ്ടാകുന്ന വിജയത്തിനേക്കാൾ നൂറ് മടങ്ങ് സന്തോഷവും സംതൃപ്തിയുമുണ്ടാകും പല വട്ടം പരാജയപ്പെട്ട് നേടിയെടുക്കുന്ന വിജയത്തിന്. പരാജയത്തെ ഭയപ്പെടുന്നവന് ഒരു കാലത്തും ഒരു അഭിവൃദ്ധിയുണ്ടാകില്ല. എന്നാൽ പരാജയങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറുള്ള ഒരാൾക്ക് വിജയത്തിന്റെ മധുരം ഏറ്റവും നന്നായി ആസ്വദിക്കാൻ സാധിക്കും. തോൽക്കും എന്ന ഭയമുള്ളവർക്ക് ഒരിക്കലും പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും അതിനായി പ്രയത്നിക്കാനുമുള്ള ചങ്കൂറ്റമുണ്ടാവില്ല. അങ്ങനെ ഒരു പരിശ്രമമില്ലാത്തിടത്തോളം കാലം നമ്മുടെ ജീവിതം വെറും വട്ടപ്പൂജ്യമായിരിക്കും. ജയമോ പരാജയമോ, ഫലം എന്തുമാകട്ടെ. പരിശ്രമത്തിലാണ് കാര്യം. ഫലം താനേയുണ്ടാകും.
Add comment