വീട് എന്ന സംരക്ഷിത വലയം ഭേദിക്കുമ്പോൾ…??

മലയാളികൾ മിക്കപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ് ‘ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ’ എന്നൊക്കെ.കഴിഞ്ഞുപോയ കാലത്തിന്റെ  നല്ല   ഓർമ്മകൾ  (nostalgia )വീട് ,കുടുംബം,സുഹൃത്തുക്കൾ ,അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ,വിനോദങ്ങൾ ,യാത്രകൾ  ഇവയൊക്കെ എന്നും ഓർമ്മിച്ചെടുക്കാൻ ഒരുപാട് രസമുള്ളവയാണ് .നമുക്ക് ഏറ്റവും സന്തോഷവും സുരക്ഷിതത്വവും നൽകുന്ന ആളുകൾക്കിടയിലേക്ക് അല്ലെങ്കിൽ സാഹചര്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള നമ്മുടെ അഭിനിവേശമാണ് ഈ ചിന്തയുടെ കാരണം.നമ്മൾ എവിടെപ്പോയാലും നമ്മുടെ വീട്ടിലേക്ക് അല്ലെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട സാഹചര്യങ്ങളിലേക്ക് മടങ്ങിപ്പോകുവാനുള്ള വികാരം നമ്മൾ ഓരോരുത്തരിലും വളരെ ശക്തമാണ്.നമ്മെ ചുറ്റി നിൽക്കുന്ന ഒരു സംരക്ഷിത വലയമാണിത്(comfort zone).വളരെ  സാധാരണയായി ഒരാളിലുണ്ടാകുന്ന ചിന്തയാണിതെങ്കിലും ഒരു പരിധിക്കപ്പുറം ഇത് നമ്മെ അപകടത്തിലാക്കും.

നിങ്ങൾക്ക്  തന്നെ തിരിച്ചറിയാം

നിങ്ങൾ എപ്പോഴാണ് നിങ്ങളുടെ സുരക്ഷിത വലയം ഭേദിക്കുന്നുവോ അപ്പോഴായിരിക്കും നിങ്ങൾ ഈ വികാരത്തിന് എത്രത്തോളം അടിമപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കൂ .ഒരു  ജോലിയുടെ ആവശ്യത്തിനോ,വിദ്യാഭ്യാസത്തിനോ ,ജീവിതത്തിലെ മറ്റേതെങ്കിലും കാര്യങ്ങൾക്കോ ആയി നിങ്ങളുടെ വീട്ടിൽനിന്ന് ,പ്രിയപ്പെട്ട ആളുകളിൽനിന്ന് .സാഹചര്യങ്ങളിൽനിന്നൊക്കെ മാറിനിൽക്കുമ്പോൾ നമുക്കുണ്ടാകുന്ന അസുരക്ഷിതത്വം നമുക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അവബോധം നൽകുന്നു. പലരെയും ഇത്  ഉത്‌കണ്ഠ ,നിരാശ,വിഷാദം തുടങ്ങിയ മാനസിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നു .പുതിയ സാഹചര്യങ്ങളോട്,ആളുകളോട് ഇണങ്ങിച്ചേരാനുള്ള മടിയോ ഉള്ളിലെ ഭയമോ ഇതിന്  കാരണമാകാം .നമുക്ക് സുരക്ഷിതത്വം നൽകുന്ന ഒരിടം കുറച്ചകലെ നിൽക്കുമ്പോൾ പുതിയൊരുസ്ഥലത്ത്‌ വേറൊന്ന് രൂപപ്പെടുത്താൻ നമ്മൾ മടി കാണിക്കുന്നു അല്ലെങ്കിൽ ശ്രമിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

 എന്താണ് സംഭവിക്കുന്നത് ?

സംരക്ഷിത വലയത്തിലേക്ക് ഒതുങ്ങിക്കൂടുന്ന ഒരാൾ അയാളുടെ വളർച്ചയെ തന്നെയാണ് ഒരു വലയത്തിനുള്ളിലാക്കുന്നത്.കാരണം ഏതൊരു വ്യക്തിയുടെയും കഴിവിന്റെ  പരമാവധി അല്ലെങ്കിൽ ഒരുവന്റെ  സർഗ്ഗശേഷി (creativity) പൂർണ്ണമായും പുറത്തുവരുന്നത് ഒരാളുടെ പ്രതികൂല സാഹചര്യത്തിൽ ആണെന്നുള്ളതാണ്.സംരക്ഷിത വലയത്തിൽനിന്നും പുറത്ത്‌ ചാടുമ്പോൾ ഒരാൾ പെട്ടെന്ന് ഒറ്റപ്പെടുകയും തന്നെത്തന്നെ വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു .മറ്റൊരാളുടെ സഹായമില്ലാതെ പലകാര്യങ്ങളും നേടിയെടുക്കാൻ അല്ലെങ്കിൽ ജീവിതത്തിലെ പല പ്രതിസന്ധികളെയും ഒറ്റക്ക് തരണം ചെയ്യാൻ ഒരാളെ ഈ സാഹചര്യം നിർബന്ധിതമാക്കുന്നു .നിങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് പല കാര്യങ്ങളും നിങ്ങൾത്തന്നെ ചെയ്തേ മതിയാകൂ എന്ന സ്ഥിതിവിശേഷം രൂപപ്പെടുത്തുന്നു. എങ്ങനെ ഫലപ്രദമായി ഇത്തരം സാഹചര്യങ്ങളെ നേരിടണമെന്ന് നമുക്ക് പരിശോധിക്കാം .

നിങ്ങളുടെ സംരക്ഷണ വലയത്തിൽ നിന്ന് പുറത്ത് കടക്കുക .

നിങ്ങളുടെ സുരക്ഷിത വലയം എന്നുള്ളത് വളരെ ചെറിയ ലോകമാണെന്നുള്ള അവബോധം സ്വയം സൃഷ്ടിക്കുക .മറുവശത്ത് നിങ്ങൾക്കുചുറ്റും അനന്തമായ സാധ്യതകളുടെ  ഒരു ലോകം കാത്തിരിപ്പുണ്ട് എന്ന ഉത്തമ ബോധ്യമുള്ളവരാവുക.

എന്തിന് വേണ്ടി ?

എന്തിന് ഞാൻ എനിക്ക് വളരെയധികം സന്തോഷവും ,സൗകര്യങ്ങളും നൽകുന്ന ഒരിടം ഉപേക്ഷിച്ച് മറ്റൊന്ന് തേടണം എന്ന ചോദ്യം പ്രസക്തമാണ്.ജീവിതത്തിൽ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായൊരു ലക്‌ഷ്യം നിങ്ങൾക്കുണ്ടെങ്കിൽ ,പരിധിയില്ലാതെ വളരാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ,അതിനുള്ള അവസരമായി ജീവിതത്തെ കാണുക .നിങ്ങളുടെ സുരക്ഷിത വലയം ഭേദിക്കാതെ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ എത്തില്ലെന്ന വാസ്ഥവം തിരിച്ചറിയുക.നിങ്ങളുടെ മനസ്സിൽ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുക.

ലോകം എന്നും വെല്ലുവിളികൾ നിറഞ്ഞതാണ്. വളരെയധികം പ്രതിസന്ധികളിലൂടെ  കടന്നുവന്ന പഴയ തലമുറകളെ അപേക്ഷിച്ച് വളരെയധികം സൗകര്യങ്ങളുടെയും സന്തോഷങ്ങളുടെയും നടുവിൽ വളർന്നുവരുന്നവരാണ് ഇന്നത്തെ തലമുറ.അതിനാൽത്തന്നെ ജീവിതത്തിൽ പെട്ടെന്നൊരു പ്രതിസന്ധി നേരിടുമ്പോൾ പലപ്പോഴും തളർന്നു പോകുന്നു,ആത്മവിശ്വാസമില്ലാത്തവരാകുന്നു.ഒരു പ്രശ്നത്തെ അതിജീവിക്കുക എന്നുള്ളത് വളരെ ദുഷ്കരമാകുന്നു.വളരെ ചെറിയ പരാജയങ്ങൾപോലും അവരെ വല്ലാതെ തളർത്തുന്നു.നിങ്ങളുടെ മാറുന്ന സാഹചര്യങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ നല്ലരീതിയിൽ മാത്രം സ്വാധീനിക്കാൻ അനുവദിക്കുക. നിങ്ങളിൽത്തന്നെ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോവുക.

പുതിയ ലോകത്തെ ആലിംഗനം ചെയ്യുക.

കൂട്ടിൽനിന്നും തുറന്നുവിട്ട ഒരു പക്ഷി  അതിൻ്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്നപോലെ ജീവിതത്തിൽ പുതുതായി കണ്ടെത്തുന്ന സാഹചര്യങ്ങൾ ,വ്യക്തികൾ ,അവസരങ്ങൾ,അറിവുകൾ എന്നിവയോടെല്ലാം അതിയായ ആവേശമുള്ളവരായിരിക്കുക.ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്ന് ഓരോ നിമിഷവും കണ്ടെത്താൻ കഴിയും പഠിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ  നിങ്ങളുടെ മുൻപിലുള്ള ഈ ലോകത്തെ സമീപിക്കുക.ജീവിതം കൂടുതൽ മനോഹരമായിത്തീരും.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

12 comments

Your Header Sidebar area is currently empty. Hurry up and add some widgets.