സംഗീതം എന്ന ദിവ്യൗഷധം

                           നിങ്ങൾ ഇഷ്ടപ്പെട്ട പാട്ട്‌ കേട്ടുകൊണ്ടോ ഉപകരണസംഗീതം ശ്രവിച്ചുകൊണ്ടോ എന്തെങ്കിലും പ്രവൃത്തികളിലേർപ്പെട്ടിട്ടുണ്ടോ? അപ്പോൾ നിങ്ങൾക്കുള്ളിൽ എന്തെങ്കിലും ജൈവികമായ മാറ്റം സംഭവിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? തീർച്ചയായും ഉണ്ടാകും. അതാണ്‌ സംഗീതത്തിന്റെ രസവിദ്യ.

നിങ്ങൾ ചെയ്യുന്ന പ്രവൃത്തി എന്തു തന്നെയാകട്ടേ. അതിന്‌ സംഗീതത്തിന്റെ അകമ്പടിയുണ്ടെങ്കിൽ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ സാധിക്കും. ഇത്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്‌.

സംഗീതത്തിന്‌ മനുഷ്യമനസ്സിനുമേലുള്ള സ്വാധീനത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക്‌ ഏതാണ്ട്‌ 7 ദശാബ്ധത്തോളം പഴക്കമുണ്ട്‌. ഇതിനായി psychologyൽ ഒരു പ്രത്യേക ശാഖ തന്നെയുണ്ട്‌ – Neuromusicology. സംഗീതധ്വനികളോട്‌ മനുഷ്യമസ്തിഷ്കം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്‌ ഇതിലെ പാഠ്യവിഷയം.

ഇന്ന് പല മൾട്ടിനാഷണൽ കമ്പനികളും ജോലിസ്ഥലത്ത്‌ പതിഞ്ഞ സ്ഥായിലുള്ള ഉപകരണ സംഗീതം കേൾപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്‌. അത്‌ ജോലിക്കാരുടെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു. സംഗീതം കേൾപ്പിച്ചുകൊണ്ട്‌ പാൽ കറക്കുന്നത്‌ പശുക്കൾ കൂടുതൽ പാൽ ചുരത്താൻ സഹായിക്കുമെന്ന് എത്രയോ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

സംഗീതത്തിന്റെ ശക്തിവിശേഷങ്ങളെന്തൊക്കെയെന്ന് നമുക്ക്‌ നോക്കാം.

*1. സംഗീതം മനസ്സിനെ ഉണർത്തുന്നു*

നിത്യജീവിതത്തിലെ ഒരേ വാർപ്പു മാതൃകയിലുള്ള ദിനചര്യകൾ നമ്മിലുളവാക്കുന്ന അലസത നീക്കി മനസ്സിൽ ഉന്മേഷം നിറക്കാൻ സംഗീതത്തിന്‌ കഴിയും.

*2. സംഗീതം ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നു*

നമ്മുടെ ശരീരത്തെയും ശ്രവ്യനാഡീകോശങ്ങളുടെയും (auditory neurons) ചലനനാഡീകോശങ്ങളുടെയും (motor neurons) പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ട കിടക്കുന്നു. അതിനാൽ നാം ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ അപ്പോൾ നാം കേട്ടുകൊണ്ടിരിക്കുന്ന ശബ്ദങ്ങൾക്ക്‌ സ്വാധീനം ചെലുത്താൻ കഴിയും.

*3. സംഗീതം ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുന്നു*

സംഗീതം ശ്രവിക്കുന്നത്‌ അത്മവിശ്വാസം വർദ്ധിപ്പിക്കുകയും അതു വഴി ആത്മാഭിമാനവും വളർത്തുകയും ചെയ്യുന്നു. ഈയിടെ Huffington Post എന്ന website പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ പ്രകാരം സംഗീതം കൗമാര പ്രായക്കാരിൽ ആത്മാഭിമാനം വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് കണ്ടെത്തിയതായി പരാമർശിക്കുന്നുണ്ട്‌.

*4. സംഗീതം ഏകാഗ്രത വർദ്ധിപ്പിക്കുന്നു.*

സംഗീതം ശ്രവിക്കുന്നത്‌ മൂലം മനസ്സ്‌ അനാവശ്യ ചിന്തകൾ നീങ്ങി ശാന്തമാകുന്നതിലൂടെ ഏകാഗ്രത വർദ്ധിക്കാൻ കാരണമാകുന്നു. സംഗീതം മനസ്സിന്റെ ഭാവനാശേഷിയെയും ഉത്തേജിപ്പിക്കുന്നു.

ഇന്നു തന്നെ നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകളുടെ ഒരു playlist തയ്യാറാക്കൂ. മനസ്സിന്‌ കൂടുതൽ ഊർജ്ജം വേണമെന്ന് തോന്നുമ്പോഴൊക്കെ അവ ആസ്വദിച്ചു കേൾക്കൂ. സംഗീതം നിങ്ങളിലുണ്ടാക്കുന്ന അത്ഭുതകരമായ മാറ്റം അനുഭവിച്ചറിയൂ…..

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.