സ്വപ്‌നങ്ങളാകുന്ന സാൽമൺ മത്സ്യങ്ങൾ

ഇന്ന് പല വ്യക്തികളും ഉള്ളിൽ മഹത്തായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടായിരുന്നിട്ടുകൂടി, പാതി വഴിക്ക്‌ എല്ലാം ഉപേക്ഷിച്ച്‌ നിർമ്മമമായ ജീവിതത്തിലേക്ക്‌ അകം വലിയുന്നത്‌ നമുക്ക്‌ കാണാൻ സാധിക്കും. ചിലർ  അവസരങ്ങൾ കൈവഴുതിപ്പോകുന്നത്‌ ഉദാസീനരായി നോക്കി നിൽക്കുന്നു. ചിലരാകട്ടെ, ചെറിയ ചെറിയ പ്രയാസങ്ങളോ പ്രതിബന്ധങ്ങളോ അനുഭവപ്പെടുമ്പോഴേക്കും മനസ്സു തളർന്ന് ആയുധം താഴെ വെച്ച്‌ ജീവിതത്തിന്റെ തേർത്തട്ടിൽ തളർന്നിരിക്കുന്നു.

ഇവിടെ നമ്മൾ ആരും തന്നെ മനസ്സില്ലാക്കാത്ത ഒരു ലോക സത്യം മറഞ്ഞിരിപ്പുണ്ട്‌. പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക എന്നത്‌ തന്നെയാണ്‌ പരിസ്ഥിതിയുടെ ജോലി. ഈ പ്രകൃതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ തന്നെ ആ രീതിയിലാണ്‌.

സാൽമൺ മത്സ്യങ്ങൾ മുട്ടയിടുന്നത്‌ പോലെയാണ്‌ പ്രകൃതി മനുഷ്യന്റെ സ്വപ്നങ്ങളുടെ ജനനവും മരണവും രൂപകൽപന ചെയ്തിരിക്കുന്നത്‌. ഒരു വൈൽഡ്‌ കോഹോ സാൽമൺ മത്സ്യം ഇടുന്ന 2500 മുട്ടകളിൽ 2125 എണ്ണവും നശിച്ചു പോകും. ആകെ വിരിയുന്നത്‌ 375 മുട്ടകൾ മാത്രമായിരിക്കും. അതിൽ തന്നെ മുപ്പത്‌ മത്സ്യക്കുഞ്ഞുങ്ങളേ ജീവനോടെ പുറത്തു വരികയുള്ളൂ. ഈ മുപ്പതിൽ ഇരുപത്തഞ്ചും മറ്റു വലിയ ജീവികൾക്ക്‌ ഇരയായിത്തീരുകയോ പാരിസ്ഥിതികമായ കാരണങ്ങളാൽ നശിക്കുകയോ ചെയ്യും. സാഹചര്യങ്ങളെ അതിജീവിക്കുന്ന ബാക്കിയുള്ള അഞ്ചെണ്ണത്തിൽ രണ്ടെണ്ണം മാത്രം വളർന്നു വലുതാകും. അവ മാത്രമാണ്‌ പിന്നീട്‌ കൂട്ടു കൂടി ജീവിക്കുകയും ഇണയുമായി സംഗമിക്കുകയും സന്താനോൽപാദനം നടത്തുകയുമെല്ലാം ചെയ്യുന്നത്‌.

നമ്മൾ ഒരോരുത്തരും മുട്ട വിരിഞ്ഞിറങ്ങിയ സാൽമൺ മത്സ്യങ്ങളാണ്‌. അസാമാന്യമായ ഉൾക്കാഴ്ച്ചയുള്ളവർക്ക്‌ സ്വന്തം ജീവിതത്തിലും ചുറ്റിലുമുള്ളവരുടെ ജീവിതത്തിലും ഉയർച്ചയുണ്ടാക്കാൻ സാധിക്കും. നിങ്ങൾ നിങ്ങളുടെ  ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം ഇത്തരത്തിലുള്ള ഉൾക്കാഴ്ച്ചയുടെ കെടാവിളക്കുകൾ കത്തിച്ചു വെക്കണം. ചെയ്യുന്ന ഒരോ പ്രവൃത്തിയിലും ഒരു പ്രൊഫഷണൽ കാഴ്ച്ചപ്പാട്‌ കൊണ്ടുവരണം. പിന്നെ അതിന്റെ പൂർണ്ണതക്കായി കഠിനമായി പ്രവർത്തിക്കണം.

പ്രതിയോഗിയുടെ വലിപ്പം കണ്ട്‌ ഭയപ്പെടരുത്‌. കാരണം, നിങ്ങളുടെ പ്രതിയോഗിയുടെ വലിപ്പമാണ്‌ നിങ്ങളുടെ വിജയത്തിന്റെ വലിപ്പവും നിർണ്ണയിക്കാൻ പോകുന്നത്‌.

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.