4 വെളിപാടുകൾ

ഒരിക്കൽ ഒരു താമരക്കുളത്തിന്റെ അടിത്തട്ടിൽ പുഴു സമാനമായ കുറേ
പ്രാണികൾ കൂട്ടമായി പാർത്തിരുന്നു. അക്കൂട്ടത്തിലെ ചെറുപ്പക്കാരായ
പ്രാണികൾ കുളത്തിന്റെ മുകൾതട്ടിലേക്ക്‌ നീന്താൻ ശ്രമിക്കുമ്പോൾ
മുതിർന്നവർ അവരെ തടയുമായിരുന്നു.
മുകളിലേക്ക്‌ പോയവരാരും ഇതു വരെ തിരിച്ചു വന്നിട്ടില്ല.
അതിനാൽ നിങ്ങളാരും മുകളിലേക്ക്‌ നീന്തിപ്പോകരുത്‌. അവരുടെ
കൂട്ടത്തിലെ കാരണവർ പറഞ്ഞു.
ഇത്‌ കേട്ട്‌ ബാക്കിയുള്ള പ്രാണികളെല്ലാം ഭയചകിതരായി
കുളത്തിന്റെ മുകൾതട്ടിലേക്ക്‌ നീന്തുക പോയിട്ട്‌ ഒന്ന് നോക്കുക
പോലും ചെയ്യാതായി. എന്നാൽ അക്കൂട്ടത്തിൽ ഒരാൾക്ക്‌ മാത്രം
അടങ്ങിയിരിക്കാൻ മനസ്സുവന്നില്ല. കുളത്തിന്റെ മുകൾഭാഗത്തേക്ക്‌
നീന്തിപ്പോയി അവിടത്തെ കാഴ്ച്ചകളെല്ലാം കണ്ടു മടങ്ങണം എന്ന
അദമ്യമായ ആഗ്രഹം അവന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.
ആഗ്രഹം അടക്കാൻ വയ്യാതായപ്പോൾ അവൻ അത്‌ തന്റെ കൂട്ടുകാരെ
അറിയിച്ചു.
ശക്തമായ എതിർപ്പാണ്‌ എല്ലാവരിൽ നിന്നുമുണ്ടായത്‌. മാത്രമല്ല,
അവന്റെ ആഗ്രഹം കേട്ടറിഞ്ഞ മറ്റു പ്രാണികളെല്ലാം സംഘം ചേർന്നു
വന്ന് അവനെ കർശനമായി വിലക്കുകയും ചെയ്തു.
നോക്കൂ.; അവർ പറഞ്ഞു. ;നമ്മൾ വെറും പുഴുക്കളാണ്‌. ഈ
കുളത്തിന്റെ അടിത്തട്ടിലെ ചേറാണ്‌ നമ്മുടെ ലോകം. നമുക്ക്‌
സമൃദ്ധമായി കഴിയാനുള്ളതെല്ലാം ഇവിടെത്തന്നെയുണ്ട്‌. ഇതിന്റെ
മുകളിലോട്ടുള്ളതൊന്നും നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതു കൊണ്ട്‌
ഉള്ളതും ആസ്വദിച്ചു ഇവിടെ കഴിയുക. വെറുതെ അനാവശ്യമായ
കാര്യങ്ങൾക്ക്‌ വേണ്ടി പരിശ്രമിച്ച്‌ ജീവിതം കളയരുത്‌.;
പക്ഷെ ഇതു കൊണ്ടൊന്നും അവർക്ക്‌ അവന്റെ മനസ്സ്‌ മാറ്റാൻ
സാധിച്ചില്ല. ജലോപരിതലത്തിലേക്ക്‌ പോയേ തീരൂ എന്ന
തീരുമാനത്തിൽ അവൻ ഉറച്ചു നിന്നു. അവസാനം ഒരു നിബന്ധനക്ക്‌
പുറത്ത്‌ അവർ അവനെ പോകാൻ അനുവദിച്ചു. അവൻ
മുകളിലേക്ക്‌ പോയാൽ പിന്നെ അവന്റെ മുൻഗാമികളെ പോലെ
തിരിച്ചുവരാതിരിക്കരുത്‌. അവൻ തിരിച്ചു വന്ന് അവിടെ കണ്ട
കാര്യങ്ങൾ അവരോട്‌ പറയണം.

അവൻ സമ്മതിച്ചു. അങ്ങനെ അവൻ എല്ലാവരോടും യാത്ര പറഞ്ഞ്‌
കുളത്തിന്റെ മുകൾഭാഗം ലക്ഷ്യമാക്കി നീന്തിത്തുടങ്ങി. ഏതാണ്ട്‌
അരമണിക്കൂറോളം നീന്തിക്കഴിഞ്ഞപ്പോൾ അവൻ കുളത്തിന്റെ
മുകൾപരപ്പിലെത്തി. അപ്പോഴേക്കും നന്നായി ക്ഷീണിച്ചു കഴിഞ്ഞിരുന്ന
അവൻ കിതപാറ്റുന്നതിനായി ഒരു താമരപ്പൂവിന്‌ മുകളിലേക്ക്‌
വലിഞ്ഞു കയറി അവിടെ കാറ്റും കൊണ്ടിരുന്നു.
അപ്പോഴാണ്‌ അവൻ ആ കാഴ്ച്ച കണ്ടത്‌. കുളത്തിന്‌ മീതെ ഒരു
പ്രത്യേകതരം പ്രാണികൾ പറന്നു നടക്കുന്നു. അവയുടെ ചില്ലുനിറമുള്ള
ചിറകുകൾ സൂര്യപ്രകാശമേറ്റ്‌ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. അവൻ
അവരെ കൗതുകത്തോടെ നോക്കിയിരുന്നു.
എന്ത്‌ രസമാണ്‌ അവരുടെ ജീവിതം..! അതു പോലുള്ള ചിറകുകൾ
എനിക്കുമുണ്ടായിരുന്നെങ്കിൽ…; അവൻ വെറുതെ മോഹിച്ചു പോയി.
പതിയെ വെയിൽ മൂക്കാൻ തുടങ്ങി. നീണ്ടു വരുന്ന വെയിലിന്റെ
സൂചിമുനകൾ അവന്റെ ശരീരത്തിലെ ജലകണങ്ങൾ ഒപ്പിയെടുത്തു
കൊണ്ടിരുന്നു. ശരീരത്തിലെ ഈർപ്പം കുറയുന്നതിനനുസരിച്ച്‌ തന്റെ
ദേഹത്ത്‌ എന്തൊക്കെയോ പൊട്ടി മുളക്കുന്നതവൻ അറിഞ്ഞു. അവൻ
വെപ്രാളപ്പെട്ട്‌ തന്റെ ശരീരം മുഴുവൻ ഒന്ന് കണ്ണോടിച്ചു.
ചില്ലുനിറമുള്ള ചിറകുകൾ…..!!!
അപ്പോൾ മുകളിൽ പറന്നുകൊണ്ടിരിക്കുന്ന പ്രാണികളിൽ ഒന്ന്
താഴേക്ക്‌ പറന്നുവന്ന് അവന്റെ സമീപത്തിരുന്നു കൊണ്ട്‌ പറഞ്ഞു.
നീയെന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്‌? വാ… നമുക്ക്‌ പറന്നു നടക്കാം.;
നിങ്ങളൊക്കെ ആരാണ്‌? അവൻ കൗതുകത്തോടെ തിരക്കി.
ആഹാ… ഇത്‌ നല്ല ചോദ്യം..!; ആ പ്രാണി പറഞ്ഞു. നമ്മളൊക്കെ
പൂത്തുമ്പികളല്ലേ?
നമ്മളോ..?; അവൻ അത്ഭുതത്തോടെ ചോദിച്ചു.
അതേ. നീ വാ. നമുക്ക്‌ പറക്കാം.; എന്നും പറഞ്ഞ്‌ ആ പ്രാണി മുമ്പേ
പറന്നു.
അപ്പോഴാണ്‌ നമ്മുടെ കഥനായകന്‌ ഒരു ബോധോദയമുണ്ടായത്‌. താൻ
വെറുമൊരു പുഴുവല്ല. പൂത്തുമ്പിയാണ്‌. ചില്ലുനിറമുള്ള
ചിറകുകളുള്ള, ഉയരെ പറക്കാൻ കഴിയുന്ന, പൂവിൽ നിന്ന് തേൻ
നുകരാൻ കഴിയുന്ന പൂത്തുമ്പി…!!

അവൻ തന്റെ ചിറകൊന്ന് വീശി നോക്കി. അതാ അവൻ മുകളിലോട്ട്‌
പറന്നുയരുന്നു. അവൻ നിർത്താതെ ചിറകു വീശിയടിച്ചു. അവൻ
കൂടുതൽ ഉയരങ്ങളിലേക്ക്‌ പൊങ്ങിപ്പറന്നു. അതോടെ അവന്റെ
ആവേശവും വർദ്ധിച്ചു. അവൻ ഉത്സാഹപൂർവ്വം ചിറകടിച്ചു പറന്നു.
പച്ചവിരിച്ച പാടങ്ങൾക്കും, നീലജലാശയങ്ങൾക്കും, മലനിരകൾക്കും
മുകളിലൂടെ അവൻ പറന്നു നടന്നു. മതിയാവോളം…..
ഒടുവിൽ മണിക്കൂറുകൾ നീണ്ട ആകാശയാത്രക്ക്‌ ശേഷം അവൻ
ക്ഷീണിതനായി വീണ്ടും അതേ താമരപ്പൂവിൽ വന്നിരുന്നു. അവൻ ആ
പൂവിൽ നിന്ന് മതിവരുവോളം തേൻ നുകർന്നു. പിന്നെ ഒരു
സുഖസുഷുപ്തിക്കായി ആ താമരത്തണ്ടിൽ ചാരിക്കിടന്നുകൊണ്ട്‌
ഓർത്തു.
അപ്പോൾ അതാണ്‌ കാര്യം. വെള്ളത്തിന്‌ മുകലിലെത്തുമ്പോഴാണ്‌ താൻ
ഒരു പുഴുവല്ല, പൂത്തുമ്പിയാണെന്ന സത്യം എല്ലാവരും
മനസ്സിലാക്കുന്നത്‌. അതു കൊണ്ടാണ്‌ പിന്നീടാരും
വെള്ളത്തിനടിയിലേക്ക്‌ മടങ്ങി വരാത്തത്‌.
അപ്പോഴാണ്‌ അവന്‌ ഒരു കാര്യം ഓർമ്മ വന്നത്‌. താൻ മറ്റുള്ളവർക്ക്‌
കൊടുത്ത വാക്ക്‌..!! മുകളിലെ കാഴ്ച്ചകൾ കണ്ടു കൊതിതീർന്നാൽ
തിരികെ അടിത്തട്ടിലേക്കെത്തി മുകളിൽ കണ്ട കാഴ്ച്ചകൾ വിവരിക്കാമെന്ന് നൽകിയ വാക്ക്‌….
അവൻ അപ്പോൾ തന്നെ കുളത്തിനടിയിലേക്ക്‌ ഊളിയിട്ടു. അവൻ
അതിയായ സന്തോഷത്തോടെ, തങ്ങൾ വെറും പുഴുക്കളല്ല,
പൂത്തുമ്പികളാണെന്ന സത്യം മറ്റുള്ളവരെ അറിയിക്കുന്നതിനായി
ഉത്സാഹപൂർവ്വം താഴേക്ക്‌ നീന്തി. തന്റെയാളുകളിൽ കുറേ പേർ
കൂട്ടംകൂടിയിരിക്കുന്നത്‌ കണ്ടപ്പോൾ അവൻ ആവേശപൂർവ്വം
അങ്ങോട്ട്‌ നീങ്ങി.
പക്ഷെ അവനെ കണ്ടപ്പോൾ എല്ലാവരും ഭയചകിതരായി
ഓടിയൊളിക്കുകയാണ്‌ ചെയ്തത്‌. വലിയ ചിറകുകളുള്ള ഏതോ ഒരു
ജീവി എന്നാണ്‌ മറ്റുള്ളവർ കരുതിയത്‌. അവരാരും തന്നെ അവന്റെ
അടുത്തേക്ക്‌ വരാനോ അവന്‌ പറയാനുള്ളത്‌ കേൾക്കാനോ
തയ്യാറായില്ല. രൂപം കൊണ്ട്‌ തങ്ങളിൽ നിന്ന് വ്യത്യസ്ഥനായ അവനെ
അവർ ആരും തന്നെ കൂട്ടത്തിൽ കൂട്ടാൻ തയ്യാറായതുമില്ല.
ഒടുവിൽ അവൻ നിരാശനായി ജലത്തിന്റെ മുകൾപരപ്പിലേക്ക്‌ തന്നെ
മടങ്ങിയെത്തി. ഒറ്റപ്പെടുത്തപ്പെട്ടവന്റെ ദു:ഖത്തോടെ അവൻ ഒരു
താമരപ്പൂവിന്‌ മീതെ തലതാഴ്ത്തിയിരുന്നു.

അപ്പോൾ അവൻ നേരത്തെ പരിചയപ്പെട്ട ആ പൂത്തുമ്പി അവന്റെ
തൊട്ടടുത്ത്‌ വന്നിരുന്നു കൊണ്ട്‌ ചോദിച്ചു.
എന്ത് പറ്റി? എന്താണിങ്ങനെ ദു:ഖിച്ചിരിക്കുന്നത്‌?;
അവൻ തന്റെയുള്ളിലെ സങ്കടങ്ങൾ മുഴുവൻ അപരനോട്‌ തുറന്നു
പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആ തുമ്പി പറഞ്ഞു.
ഞാനും നിന്റെ കൂട്ടത്തിൽ പെട്ടവൻ തന്നെയാണ്‌. നിന്നെ പോലെ
വർഷങ്ങൾക്ക്‌ മുമ്പ്‌ ജലോപരിതലത്തിലേക്ക്‌ നീന്തിക്കയറി വന്ന്
സ്വന്തം അസ്ഥിത്വം തിരിച്ചറിഞ്ഞവനാണ്‌. പിന്നീടൊരിക്കലും
മടങ്ങിപ്പോയില്ല.;
അതു കേട്ട്‌ അത്ഭുതത്തോടെ തന്നെ നോക്കിയിരിക്കുന്ന
നവാഗതനോടായി അവൻ പറഞ്ഞു.
നീ സങ്കടപ്പെടേണ്ട. പകരം നിനക്കുണ്ടായ ഈ അനുഭവത്തിൽ നിന്ന്
എന്ത്‌ പാഠം ഉൾക്കൊള്ളാൻ സാധിക്കും എന്ന് ചിന്തിക്കൂ. ഒന്നാഴത്തിൽ
ചിന്തിച്ചാൽ നിന്റെ ഈ അനുഭവത്തിൽ നിന്ന് നമുക്ക്‌ 4 വെളിപാടുകൾ
പകർന്നു കിട്ടുന്നുണ്ട്‌.;
എന്താണത്‌?; അവൻ ചോദിച്ചു.

ഒന്നാമത്തെ വെളിപാട്‌ – നമ്മൾ സ്വയം മനസ്സുവെച്ചാലല്ലാതെ
നമുക്കൊരിക്കലും മുകളിലെത്താൻ സാധിക്കില്ല. മറ്റുള്ളവരുടെ
പേടിപ്പെടുത്തലുകളും നിരുത്സാഹപ്പെടുത്തലുകളും കേട്ടു
കൊണ്ടിരുന്നാൽ ഒരിക്കലും നമുക്ക്‌ മുകളിലെത്താൻ സാധിക്കില്ല.
അങ്ങനെ എല്ലാറ്റിനെയും തട്ടിത്തെറിപ്പിച്ചു കൊണ്ട്‌
മുകളിലെത്തിയാൽ മാത്രമേ നമുക്ക്‌ അവനവന്റെ ശരിയായ
ശക്തിയും ശേഷിയും തിരിച്ചറിയാൻ സാധിക്കൂ.

രണ്ടാമത്തെ വെളിപാട്‌ – ഒരിക്കൽ നമ്മുടെ കർമ്മവൈഭവം
തിരിച്ചറിഞ്ഞ്‌ അതിന്റെ പരമോന്നതിയിൽ എത്തിക്കഴിഞ്ഞാൾ നമ്മൾ
ആഗ്രഹിക്കുന്ന പക്ഷം എപ്പൊൾ വേണമെങ്കിലും നമുക്ക്‌
തുടങ്ങിയേടത്തേക്ക്‌ തന്നെ തിരിച്ചെത്താൻ സാധിക്കും. ഇപ്പോൾ നീ  ഈ
കുളത്തിന്റെ അടിത്തട്ടിലേക്ക്‌ മടങ്ങിപ്പോയ പോലെ.
മൂന്നാമത്തെ വെളിപാട്‌ – ഒരിക്കൽ നീ ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ
പിന്നെ നീ എത്ര താഴേക്ക്‌ ഇറങ്ങിച്ചെന്നാലും നിനക്കൊരിക്കലും ആ
പഴയ നീ ആകാൻ കഴിയില്ല. അവിടെയുള്ളവർ നിന്നെ ഒരിക്കലുംഅവരിലൊരാളായി പരിഗണിക്കില്ല. അവർക്കിടയിലും നിന്റെ സ്ഥാനം
ഉയർന്നു തന്നെയിരിക്കും. അപ്പോൾ അവരെ അവരുടെ വഴിക്ക്‌
വിട്ടിട്ട്‌ നിന്റെതായ ലോകത്തേക്ക്‌ തിരികെ നീന്തുന്നതാണ്‌ ബുദ്ധി.
ഇപ്പോൾ നീ ചെയ്തത്‌ പോലെ.;
അവൻ പറഞ്ഞു നിർത്തിയപ്പോൾ നമ്മുടെ കഥനായകൻ ചോദിച്ചു.
ഇനി ഞാൻ എന്ത്‌ ചെയ്യണം?
ഇനി നീ ചെയ്യേണ്ടതിത്ര മാത്രം. കുളത്തിനടിയിലെ നിന്റെ ആ പഴയ
ലോകത്തെക്കുറിച്ച്‌ ഇനി ചിന്തിക്കരുത്‌. നീ നിന്റെ വിഹായസ്സിൽ
ചിറകടിച്ച്‌ പറക്കുക. കഴിയുമെങ്കിൽ ഈ കുളത്തിന്റെ അടിത്തട്ടിൽ
നിന്ന് പുറത്തു കടക്കാൻ മറ്റുള്ളവർക്ക്‌ പ്രചോദനമാകുക. നീ ഈ
അനന്തനീലിമയിൽ ചിറകടിച്ചു പറക്കുന്നത്‌ കണ്ട്‌ അതിൽ ആവേശം
പൂണ്ട്‌ നിന്റെ കൂട്ടരിൽ ഒരാൾക്കെങ്കിലും സ്വന്തം ചിറകുകൾ
കണ്ടെത്താൻ സാധിക്കണം. അതാണ്‌ നാലാമത്തെ വെളിപാട്‌.
ഇത്രയും പറഞ്ഞ ശേഷം ബാക്കിയെല്ലാം തന്റെ പിൻഗാമിക്കും
വായനക്കാരായ നമുക്കും വിട്ടു തന്നിട്ട്‌ ആ പൂത്തുമ്പി ദൂരേക്ക്‌
ചിറകടിച്ച്‌ പറന്നു പോയി.

മാറ്റം എന്നത്‌ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ്‌. മാറ്റത്തിന്‌
വിധേയമാകാത്തതൊന്നും വളരുകയില്ല. വളരാത്തതൊന്നും കൂടുതൽ
കാലം നിലനിൽക്കുകയുമില്ല. അതുകൊണ്ട്‌…..
നിങ്ങളുടെ ശക്തിയും ശേഷിയും തിരിച്ചറിഞ്ഞ്‌ സ്വയം മാറ്റത്തിന്‌
വിധേയരായിക്കൊണ്ടേയിരിക്കുക…

Madhu Bhaskaran

Mr. Madhu Bhaskaran is a very famous HRD trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people.

Add comment

Your Header Sidebar area is currently empty. Hurry up and add some widgets.